കാത്തുനിൽക്കുന്നത് മൂന്ന് ബസിനുള്ള ആളുകൾ; പ്രിയദർശിനി തരംഗത്തിൽ അപ്രതീക്ഷിത ലാഭം കൊയ്ത് മറ്റൊരു മേഖല

സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി വൻ വിജയമായതോടെ കെഎസ്ആർടിസി ബസുകളിൽ അഭൂതപൂർവമായ തിരക്ക്. എന്നാൽ, ഈ ജനപ്രീതിക്കിടയിലും പദ്ധതി വരുമാന നഷ്ടമുണ്ടാക്കുന്നുണ്ടെന്ന യാഥാർത്ഥ്യം സർക്കാരും സമ്മതിക്കുന്നുണ്ട്. പദ്ധതി ഏറ്റവും വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത് സ്വകാര്യ ബസ് മേഖലയ്ക്കാണ്. തങ്ങളുടെ വരുമാനം പകുതിയിലധികമായി കുറഞ്ഞെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി.
അതേസമയം പ്രിയദർശിനി സ്കീം കാരണം കേരളത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും വാരാന്ത്യത്തിന് സമാനമായ തിരക്ക് അനുഭവപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകൾ തന്നെയാണ് മിക്കയിടങ്ങളിലും കൂടുതലായി എത്തുന്നത്. തിരുവനന്തപുരത്ത് പൊൻമുടിയിൽ സഞ്ചാരികളുടെ ഒഴുക്കാണ് വാരാന്ത്യത്തിൽ അനുഭവപ്പെട്ടത്. ഒരു ബസിൽ തന്നെ മൂന്ന് ബസിലേക്ക് ഉള്ള ആളുകളെ കുത്തിനിറയ്ക്കേണ്ട സ്ഥിതിയുണ്ടായെന്നും ഇത് യാത്രക്കാർ തമ്മിൽ വാക്കേറ്റവും ചെറിയതോതിൽ ഉന്തും തള്ളും ഉണ്ടാകുന്നതിനും കാരണമായി എന്നാണ് റിപ്പോർട്ടുകൾ.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ആളുകൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ അനുബന്ധ മേഖലകളും ഉണർന്ന് പ്രവർത്തിക്കുകയാണ്. കുടുംബമായി എത്തുന്ന പലരും ഇപ്പോൾ സ്വകാര്യ വാഹനങ്ങളെ ഒഴിവാക്കി ബസുകളെ ആശ്രയിക്കുന്നുണ്ട്. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് കെഎസ്ആർടിസി സൗജന്യ സർവീസുകൾ കൂടുതൽ വ്യാപിപ്പിച്ചാൽ സർക്കാരിനും സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാദ്ധ്യത തെളിയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.



