നീറ്റ് പിജി പരീക്ഷയിൽ വൻ മാറ്റങ്ങൾ

നീറ്റ് പിജി പരീക്ഷാ നടപടികളിൽ സുതാര്യത ഉറപ്പാക്കാൻ വിപ്ലവകരമായ മാറ്റങ്ങളുമായി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS). നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പരീക്ഷാ അപേക്ഷാ രീതിയിലും കേന്ദ്രങ്ങൾ അനുവദിക്കുന്നതിലും ബോർഡ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
പരീക്ഷ കേന്ദ്രം അനുവദിക്കുന്നതിലും മാറ്റമുണ്ട്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതി ഇത്തവണ ഉണ്ടാകില്ല. മൂന്ന് സംസ്ഥാനങ്ങളാണ് ഇത്തവണ പരീക്ഷാർത്ഥികൾ തിരഞ്ഞെടുക്കേണ്ടത്. ഇതിൽ ആദ്യ ഓപ്ഷൻ നിർബന്ധമായും വിദ്യാർത്ഥിയുടെ സ്വന്തം സംസ്ഥാനമായിരിക്കണം. മറ്റ് രണ്ട് ഓപ്ഷനുകൾ അയൽ സംസ്ഥാനങ്ങളുമായിരിക്കണം എന്നാണ് നിർദേശം. അപേക്ഷാ ഫോമിൽ വിലാസവും പരീക്ഷാ സംസ്ഥാനങ്ങളും പിന്നീട് തിരുത്തൽ വിൻഡോ വഴി മാറ്റാനുള്ള അവസരവും ഇത്തവണ ഉണ്ടാകില്ല. പരീക്ഷാർത്ഥികൾക്ക് അഭികാമ്യമായ പരീക്ഷാ കേന്ദ്രങ്ങൾ ലഭിക്കാനാണ് ഇത്തരം മാറ്റങ്ങളെന്നാണ് ബോർഡ് നൽകുന്ന വിശദീകരണം.



