സുധാകരൻ പങ്കെടുത്ത ‘ഗുണ്ടാ യോഗത്തിൽ’ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം…

കൊച്ചി: ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്’ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ എംപി കൊച്ചിയിൽ വിളിച്ചുചേർത്ത യോഗത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് വിവരങ്ങൾ ശേഖരിക്കുന്നു. ഈ യോഗത്തിൽ പങ്കെടുത്ത ഒരു വ്യക്തി കഴിഞ്ഞ ദിവസം വധശ്രമക്കേസിൽ പോലീസിന്റെ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തിന്റെ വിശദാംശങ്ങൾ തേടി സ്പെഷ്യൽ ബ്രാഞ്ച് രംഗത്തിറങ്ങിയത്. അതിനിടെ, വിവാദ യോഗത്തിൽ കെ. സുധാകരൻ പ്രസംഗിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്, കള്ളത്തോക്ക് കേസ്, വധശ്രമം തുടങ്ങി നിരവധി ഗുരുതര ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് കെ. സുധാകരൻ പങ്കെടുത്ത കൊച്ചിയിലെ യോഗത്തിനെത്തിയിരുന്നത്. എന്നാൽ ഇത് ഗുണ്ടകളുടെ യോഗമല്ലെന്നും യുവാക്കളുടെ കൂട്ടായ്മയാണെന്നുമാണ് യോഗത്തിൽ പങ്കെടുത്ത ഡിസിസി അംഗം സുഹൈൽ ഷാജഹാൻ ന്യായീകരിക്കുന്നത്. ലഹരിയുമായി ബന്ധപ്പെട്ടവരെക്കുറിച്ച് വിവരം ലഭിച്ചാൽ നിയമം കയ്യിലെടുത്ത് കൈകാര്യം ചെയ്യേണ്ടതില്ലെന്നാണ് സുധാകരൻ പറഞ്ഞതെന്നും, വിവരം പോലീസിനെ അറിയിച്ച് അവരെ ജയിലിലടയ്ക്കാനുള്ള സംവിധാനമാണ് ചെയ്യേണ്ടതെന്നുമാണ് സുഹൈൽ വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് യുവാക്കളെ കൂട്ടി വലിയ പരിപാടി നടത്താൻ ആഗ്രഹിച്ചതാണെന്നും, ഇത്തരം നെഗറ്റീവ് വാർത്തകൾ നൽകിയാൽ ആളുകൾ വരുമോയെന്നും സുഹൈൽ ചോദിച്ചു.
സദുദ്ദേശത്തോടെയാണ് യോഗം ചേർന്നതെന്നും കേവലം ഗുണ്ടകളുടെ യോഗമെന്ന പ്രചാരണം ശരിയല്ലെന്നും സംഘാടകനായ ഹാരിസ് മട്ടാഞ്ചേരി പ്രതികരിച്ചു. കെ. സുധാകരനെ തങ്ങൾ അങ്ങോട്ട് പോയി സമീപിക്കുകയായിരുന്നു. കേസ് ഉള്ളവരും യോഗത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നത് സത്യമാണ്. തന്റെ പേരിലുള്ള കള്ളത്തോക്ക് കേസ് പഴയതാണെന്നും അത് തീരാറായെന്നും ഹാരിസ് മട്ടാഞ്ചേരി കൂട്ടിച്ചേർത്തു. കുപ്രസിദ്ധ കേസുകളിലെ പ്രതികൾ കോൺഗ്രസ് എംപിയുടെ യോഗത്തിൽ പങ്കെടുത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.



