രാത്രികാല പോസ്റ്റുമോർട്ടം പ്രതിസന്ധിയിൽ… ആവശ്യത്തിന് ജീവനക്കാരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് രാത്രികാല പോസ്റ്റുമോർട്ടം നടത്തണമെന്ന ഹൈക്കോടതി നിർദേശം നടപ്പിലാക്കുന്നതിൽ ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി മന്ത്രി കെ. മുരളീധരൻ. ഇതിനായി അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് കഴിഞ്ഞ സർക്കാർ ഇടപെട്ടിരുന്നുവെങ്കിലും പൂർണ്ണമായി ലക്ഷ്യം കാണാൻ കഴിയാതെ പോയതാണെന്ന് മന്ത്രി വ്യക്തമാക്കി. ആവശ്യമായ ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഉറപ്പുവരുത്താതെ നിലവിലുള്ള ജീവനക്കാരെ രാത്രികാല ഡ്യൂട്ടിക്ക് നിർബന്ധിക്കരുതെന്ന് ഹൈക്കോടതിയുടെ തന്നെ ഉത്തരവുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജ്, കാസർഗോഡ് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പോസ്റ്റുമോർട്ടം നടത്തണമെന്നായിരുന്നു ഉത്തരവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ പ്രോട്ടോക്കോൾ പ്രകാരം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിൽ രാത്രിയിലും പോസ്റ്റുമോർട്ടം നടത്താൻ അനുവാദമുണ്ട്. പരമ്പരാഗതമായി പകൽ വെളിച്ചത്തിൽ മാത്രം ചെയ്തുവന്നിരുന്ന ഈ നടപടിക്രമം 24 മണിക്കൂറാക്കി മാറ്റിയത് അവയവദാന പ്രക്രിയകൾ വേഗത്തിലാക്കാനും, മൃതദേഹങ്ങൾ കാത്തിരിപ്പ് ഒഴിവാക്കി എത്രയും വേഗം ബന്ധുക്കൾക്ക് വിട്ടുനൽകാനും ലക്ഷ്യമിട്ടാണ്.

രാത്രികാല പോസ്റ്റുമോർട്ടം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവ് വരുന്നതിന് മുൻപ് തന്നെ കേരളത്തിൽ ഇതിനായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അവയവദാനത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും, മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തികളുടെ അവയവങ്ങൾ എടുത്തതിന് ശേഷം പോസ്റ്റുമോർട്ടം നടപടികൾ വൈകാതെ പൂർത്തിയാക്കുന്നതിനും വേണ്ടിയായിരുന്നു സംസ്ഥാനത്തിന്റെ ഈ നീക്കം. എന്നാൽ പ്രായോഗിക തലത്തിൽ ആവശ്യത്തിന് തസ്തികകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാത്തതാണ് നിലവിൽ പദ്ധതി പൂർണ്ണതോതിൽ നടപ്പാക്കുന്നതിന് തടസ്സമായി നിൽക്കുന്നത്.

Related Articles

Back to top button