സംസ്ഥാനത്ത് കനത്ത മഴ… വൈദ്യുതി ഉപയോഗത്തിൽ 600 മെഗാവാട്ട് വരെ കുറവ്, പ്രതിസന്ധി വിവരിച്ച് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്കിടെ താൽക്കാലിക ആശ്വാസമായി വൈദ്യുതി ഉപയോഗത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയോഗത്തിൽ 400 മെഗാവാട്ട് മുതൽ 600 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി അറിയിച്ചു. സംസ്ഥാനവ്യാപകമായി കനത്ത മഴ ലഭ്യമായതാണ് ഉപയോഗം കുറയാൻ പ്രധാന കാരണം. കൂടാതെ പവർ എക്സ്ചേഞ്ചിൽ നിന്നും ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ സാധിച്ചതിനാൽ നിലവിൽ ലോഡ്ഷെഡ്ഡിങ് ഉൾപ്പെടെയുള്ള വൈദ്യുതി നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞതായും കെഎസ്ഇബി വ്യക്തമാക്കി.

ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 83.41 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഉൽപാദനം 8.91 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഉയർന്ന ആവശ്യകത 4277 മെഗാ വാട്ട് ആണ്. വൈദ്യുതി ഉല്പാദനത്തിനായി ഡാമുകളിൽ അവശേഷിക്കുന്ന ജലം 21.58 ശതമാനമാണ്.  സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണം മൺസൂൺ മഴയിലുണ്ടായ വൻ കുറവാണെന്ന് കെഎസ്ഇബി ചൂണ്ടിക്കാണിക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ജലസംഭരണികളിൽ നിലവിൽ 21.31 ശതമാനം മാത്രമാണ് വെള്ളമുള്ളത്. എന്നാൽ കഴിഞ്ഞ വർഷം ഇതേസമയത്ത് ഡാമുകളിൽ 60.65 ശതമാനം ജലം ഉണ്ടായിരുന്നു. മഴ ലഭ്യത കുറഞ്ഞത് തന്നെയാണ് ഉൽപ്പാദനത്തെ ഗുരുതരമായി ബാധിച്ചതെന്ന വാദത്തിൽ കെഎസ്ഇബി ഉറച്ചുനിൽക്കുകയാണ്.

സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് നിയമസഭയിൽ ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും. ഡാമുകളിലെ ജലനിരപ്പിലെ കുറവും പ്രതിസന്ധി മറികടക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള സർക്കാർ ശ്രമങ്ങളും മന്ത്രി സഭയെ അറിയിക്കും. താൽക്കാലികമായി നിയന്ത്രണങ്ങൾ ഒഴിവാക്കിയെങ്കിലും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യമായില്ലെങ്കിൽ വരും ദിവസങ്ങളിലും നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്നാണ് കെഎസ്ഇബി നൽകുന്ന സൂചന.

Related Articles

Back to top button