തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട…മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ….

തിരുവനന്തപുരം: നഗരത്തിൽ ലഹരി മാഫിയക്കെതിരെ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി കോവളം ഭാഗത്ത് ഡാൻസാഫ് സംഘം നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കഴക്കൂട്ടം തട്ടാക്കുഴി കരിമണൽ ‘തിരുവോണം’ വീട്ടിൽ സച്ചു (27), ശ്രീകാര്യം പാങ്ങാപ്പാറ പുതിയിടം കാവുവിളയിൽ പണയിൽ വീട്ടിൽ അഖിൽ കൃഷ്ണൻ (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കാറിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 120 ഗ്രാമോളം എംഡിഎംഎ, 200 ഗ്രാമോളം കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ പൊലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഓപ്പറേഷൻ തൂഫാൻ വഴി വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന കുറ്റക്കാർക്കെതിരെ കേവലം അറസ്റ്റിൽ ഒതുങ്ങാതെ, സ്വത്ത് കണ്ടുകെട്ടൽ, കരുതൽ തടങ്കൽ അടക്കമുള്ള അതിശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ മുന്നറിയിപ്പ് നൽകി.



