തൃശ്ശൂരിലെ ലോഡ്ജ് മുറിയിൽ യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ…..

തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ ലോഡ്ജ് മുറിയിൽ യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ എടമുട്ടം സ്വദേശിനിയായ ജ്യോതി (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണത്തിൽ കടുത്ത ദുരൂഹതയുള്ളതായാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ജൂൺ 27-നാണ് ജ്യോതി സുഹൃത്തിനൊപ്പമെത്തി ലോഡ്ജിൽ മുറിയെടുത്തത്.
ശനിയാഴ്ച ലോഡ്ജിൽ മുറിയെടുത്ത ജ്യോതി പിന്നീട് മൂന്ന് ദിവസമായിട്ടും പുറത്തിറങ്ങിയിരുന്നില്ല. തുടർന്ന് ഇന്ന് യുവതിയുടെ സുഹൃത്ത് ലോഡ്ജിലെത്തി മുറി തുറക്കാൻ ശ്രമിച്ചപ്പോഴാണ് അകത്ത് നിന്നും പൂട്ടിയ നിലയിൽ കണ്ടത്. സംശയം തോന്നിയ ലോഡ്ജ് അധികൃതരും സുഹൃത്തും ഉടൻ തന്നെ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് സംഘമെത്തി ലോഡ്ജ് മുറിയുടെ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ജ്യോതിയെയും ചോരക്കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ ചോരയൊലിപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.
യുവതി പ്രസവിക്കുന്നതിന് വേണ്ടിയാകാം അതീവ രഹസ്യമായി ലോഡ്ജിൽ മുറിയെടുത്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ പ്രസവം നടന്നതിന്റെ ലക്ഷണങ്ങളുണ്ടെങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും മരണകാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല. പ്രസവത്തിനിടയുണ്ടായ അമിത രക്തസ്രാവമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു. യുവതിയെ ലോഡ്ജിലെത്തിച്ച സുഹൃത്തായ ഓട്ടോ ഡ്രൈവറെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്ക് മരണത്തിൽ പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു. നിർണ്ണായക വിവരങ്ങൾക്കായി വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.



