കേരള പൊലീസിന് ഇനി എഐ കരുത്ത്… മൂന്ന് പുതിയ പദ്ധതികൾക്ക് തുടക്കം

തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ‘എഐ ട്രാക്ക്’ ഉൾപ്പെടെ കേരള പൊലീസിന്റെ മൂന്ന് പുതിയ പദ്ധതികൾക്ക് തുടക്കമായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പദ്ധതികൾ ഉദ്ഘാടനം ചെയ്തത്. റോഡിലെ അപകടസാധ്യതകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മുൻകൂട്ടി ആളുകളിലേക്ക് എത്തിക്കാൻ എഐ ട്രാക്കിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കേരള പൊലീസ് നടപ്പാക്കുന്ന ഏറ്റവും മികച്ച പദ്ധതികളിലൊന്നാണിതെന്നും അപകടങ്ങൾ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ‘സൈബർ വാൾ’ പദ്ധതിയും ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സൈബർ സുരക്ഷാ ബോധവൽക്കരണം, വിവരങ്ങളുടെ പരിശോധന, അടിയന്തര സഹായം തുടങ്ങിയ സേവനങ്ങൾ എഐയുടെ സഹായത്തോടെ നടപ്പാക്കും. കേരള പൊലീസിലെ സമർഥരായ ഉദ്യോഗസ്ഥരാണ് പദ്ധതി വികസിപ്പിച്ചതെന്നും വിവിധ തലങ്ങളിലുള്ള 600ലധികം പൊലീസുകാർക്ക് ഇതിനകം പരിശീലനം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊലീസിന്റെ പട്രോളിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ‘സ്മാർട്ട് ബീറ്റ് പട്രോൾ’ പദ്ധതിക്കും തുടക്കമായി. പൊലീസിന്റെ വിവിധ സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കാൻ പദ്ധതിയിലൂടെ സാധിക്കും. പൊലീസിന്റെ എല്ലാ പട്രോളിങ് പ്രവർത്തനങ്ങളും ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതാണ് സ്മാർട്ട് ബീറ്റ് പട്രോളിന്റെ ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ നൂറിന പരിപാടികളിൽ ആഭ്യന്തര വകുപ്പ് ഉൾപ്പെടുത്തിയ പദ്ധതികളിൽപ്പെട്ടവയാണ് ഇവ.

Related Articles

Back to top button