ബെംഗളൂരു ഹോം സ്റ്റേയിൽ യുവതി കഴുത്തിൽ കുരുക്കോടെ മരിച്ചനിലയിൽ… മലയാളി യുവാവ്…

ബെംഗളൂരു: ബെംഗളൂരുവിനടുത്ത് വിനോദസഞ്ചാര കേന്ദ്രമായ നന്ദിഹിൽസിന് സമീപമുള്ള ഹോം സ്റ്റേയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ബെംഗളൂരു ബനശങ്കരി സ്വദേശിനിയും ഫിസിയോ തെറാപ്പിസ്റ്റുമായ സായി സുരഭി (25) ആണ് മരിച്ചത്. യുവതിക്കൊപ്പം മുറിയിലുണ്ടായിരുന്ന മലയാളി യുവാവ് കോഴിക്കോട് സ്വദേശി പി.പി. സഞ്ജീത് അലിയെ (28) അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അമിതമായി ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി.

കഴുത്തിൽ കുരുക്കിട്ട നിലയിലാണ് സായി സുരഭിയുടെ മൃതദേഹം മുറിയിൽ കണ്ടെത്തിയത്. മകളെ സഞ്ജീത് അലി കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് സുരഭിയുടെ അമ്മ നന്ദിഗിരിധാമ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സഞ്ജീത് അലിക്കെതിരെ പോലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് കുറച്ചു ഗുളികകളും ഒരു ഡയറിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ശനിയാഴ്ചയാണ് സഞ്ജീത് അലി ഹോം സ്റ്റേയിൽ മുറിയെടുത്തത്. എന്നാൽ സായി സുരഭി എപ്പോഴാണ് മുറിയിലേക്ക് വന്നതെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് ഹോം സ്റ്റേ ജീവനക്കാർ പോലീസിന് നൽകിയ മൊഴി. തിങ്കളാഴ്ചയായിട്ടും മുറി ഒഴിയാതിരുന്നതിനെ തുടർന്ന് ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ് സുരഭിയെ മരിച്ച നിലയിലും അലിയെ അവശനിലയിലും കണ്ടെത്തിയത്.

നന്ദി ഹിൽസിലെ മുദ്ദേനഹള്ളിയിലുള്ള ആശുപത്രിയിൽ ഫിസിയോ തെറാപ്പിസ്റ്റായി ജോലി നോക്കുകയായിരുന്നു സായി സുരഭി. ബെംഗളൂരുവിൽ കാർ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സഞ്ജീത് അലി. ഇവർ തമ്മിൽ മുൻ പരിചയമുണ്ടായിരുന്നോ എന്നും കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. ആശുപത്രിയിൽ ചികിത്സയിലുള്ള അലി അപകടാവസ്ഥ തരണം ചെയ്യുന്നതോടെ ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button