കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമക്കേസിൽ അറസ്റ്റിൽ.. മട്ടാഞ്ചേരി ബാറിലെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്..

കൊച്ചി: കോൺഗ്രസ് നേതാവ് കെ. സുധാകരൻ വിളിച്ചുചേർത്ത ‘തൂഫാൻ വാരിയർ’ കൂട്ടായ്മയിൽ പങ്കെടുത്ത കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ വധശ്രമക്കേസിൽ പിടിയിലായി. മട്ടാഞ്ചേരിയിലെ ബാറിൽ വെച്ച് വയോധികനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബാറിലുണ്ടായ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ലഹരി മാഫിയയെ നേരിടാൻ ചെറുപ്പക്കാരുടെ കൂട്ടായ്മ എന്ന പേരിൽ കൊച്ചിയിൽ കെ. സുധാകരൻ വിളിച്ചുചേർത്ത യോഗത്തിൽ ഷിബു മുൻപന്തിയിലുണ്ടായിരുന്നു. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിട്ട ഈ പരിപാടിയിൽ ചുറുചുറുക്കുള്ള ചെറുപ്പക്കാരെ ഉപയോഗിച്ച് ലഹരി മാഫിയയെ തകർക്കുകയാണ് ലക്ഷ്യമെന്ന് സുധാകരൻ അവകാശപ്പെട്ടിരുന്നെങ്കിലും, യോഗത്തിൽ പങ്കെടുത്തതിലേറെയും കുപ്രസിദ്ധ ക്രിമിനലുകളായിരുന്നു എന്നതിന്റെ തെളിവുകളും ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കൊച്ചിയിൽ നടന്ന ഈ യോഗത്തിന് നേതൃത്വം നൽകിയതുപോലും കുപ്രസിദ്ധ ഗുണ്ടകളായിരുന്നു. കള്ളത്തോക്ക് വിൽപ്പനയ്ക്ക് ശ്രമിച്ച കേസിലെ പ്രതികൾ മുതൽ എകെജി സെൻ്റർ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈൽ ഷാജഹാൻ വരെ കെ. സുധാകരൻ പങ്കെടുത്ത ഈ യോഗത്തിൽ എത്തിയിരുന്നു. ലഹരി വിരുദ്ധ പോരാട്ടത്തിന്റെ മറവിൽ ക്രിമിനലുകളെ സംഘടിപ്പിക്കാനാണോ കോൺഗ്രസ് നീക്കമെന്ന ചോദ്യം ഉയർത്തുന്നതാണ് ഈ യോഗത്തിന്റെ വിവരങ്ങൾ.

ഇതിനിടയിലാണ് ഇന്നലെ ബാറിൽ മദ്യപിച്ചെത്തിയ ഷിബു വയോധികന് നേരെ കടുത്ത അക്രമം അഴിച്ചുവിട്ടത്. വയോധികനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസ് വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾ കോൺഗ്രസിന്റെ പ്രഖ്യാപിത വളന്റിയർ ഗ്രൂപ്പിൽ സജീവമായത് പാർട്ടിയെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മട്ടാഞ്ചേരി പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button