ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; ഉന്നത സിപിഐഎം നേതാക്കൾക്ക് പങ്കെന്ന് ഇ ഡി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധന കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഉന്നത സിപിഐഎം നേതാക്കൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണമെന്നും ഇ ഡി കോടതിയിൽ നൽകിയ തടസ ഹർജിയിൽ പരാമർശിക്കുന്നു.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. സംഭവത്തിൽ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്നായിരുന്നു നേരത്തെ പൊലീസിന്റെ റിപ്പോർട്ട്. പ്രതികളുടെ ഫോൺ കോളുകളിൽ അസ്വാഭാവികതയില്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കൂടുതൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കേസിൽ 20ലേറെപ്പേർ ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. ഒരാൾ വിദേശത്തേക്ക് കടന്നെന്നും പൊലീസ് കോടതിയെ അറിയിച്ചു.



