പി ജെ ജോസഫിന് മന്ത്രിതുല്യ പദവി വേണം, അത് അദ്ദേഹത്തിന്റെ അവകാശമാണ്… മന്ത്രി മോൻസ് ജോസഫ്

ഇടുക്കി: യുഡിഎഫിലെ മുതിർന്ന നേതാവായ പി.ജെ. ജോസഫിന് അർഹമായ മന്ത്രിതുല്യ പദവി നൽകണമെന്ന് മന്ത്രി മോൻസ് ജോസഫ്. യുഡിഎഫിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളും മുന്നണിയുടെ ആദ്യ കൺവീനറുമായ ജോസഫ് സാറിന് ഈ പദവി സ്വാഭാവികമായും അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പി.ജെ. ജോസഫിന്റെ ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ ഇടുക്കിയിൽ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ ഈ നിർണ്ണായക പ്രതികരണം. ഈ ആവശ്യം ഇതിനകം തന്നെ മുന്നണിയിലെ മറ്റ് മുതിർന്ന യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും വരാനിരിക്കുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.

പി.ജെ. ജോസഫിന്റെ പദവിക്ക് പുറമെ മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിലും കേരളത്തിന്റെ ഔദ്യോഗിക നിലപാട് മന്ത്രി വ്യക്തമാക്കി. നാളെ ചേരുന്ന പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയിൽ കേരളത്തിന്റെ ആശങ്കകളും ആവശ്യങ്ങളും ആവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഡാം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തമിഴ്‌നാട് സർക്കാർ അവരുടെ ഭാഗം വ്യക്തമാക്കിയിട്ടുണ്ട്. കേരളവും നമ്മുടെ ശക്തമായ നിലപാട് അവരെ അറിയിച്ചു കഴിഞ്ഞു. ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട് അവരുടെ നിലപാടുകളിൽ അനാവശ്യമായ കാഠിന്യം പുലർത്തുന്നതായി തോന്നുന്നില്ലെന്നും സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി മോൻസ് ജോസഫ് പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

Back to top button