തിരുവനന്തപുരം നെടുമങ്ങാട് 22 ദിവസം മാത്രം പ്രായമുള്ള നവജാത ശിശു മരിച്ചു… ശരീരം മുഴുവൻ മഞ്ഞനിറത്തിൽ

തിരുവനന്തപുരം: നെടുമങ്ങാട് 22 ദിവസം മാത്രം പ്രായമുള്ള നവജാത ശിശു മരിച്ചു. നെടുമങ്ങാട് പറണ്ടോട് സ്വദേശിനിയായ ബിന്ദുവിന്റെ മകൾ ശ്രയയാണ് മരിച്ചത്. പെൺകുഞ്ഞിനെ മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞിന്റെ ദേഹം മുഴുവൻ മഞ്ഞ നിറത്തിലായിരുന്നു കാണപ്പെട്ടിരുന്നത്. നിലവിൽ കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികതയോ ദുരൂഹതയോ ഇല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന പ്രാഥമിക വിവരം.
എങ്കിലും മരണകാരണം പൂർണ്ണമായും വ്യക്തമാകാൻ പോസ്റ്റ്മോർട്ടം നടപടികൾ ആവശ്യമാണ്. അതിനുശേഷം മാത്രമേ മരണത്തിൽ എന്തെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരികയുള്ളൂ. നിലവിൽ കുഞ്ഞിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.



