ഞാൻ ‘അമ്മ’യുടെ നേതൃത്വത്തിലേക്ക് വരില്ല…. ശ്വേതാ മേനോൻ പ്രസിഡന്റായ കമ്മിറ്റിയിൽ യോജിപ്പുണ്ടായില്ല…

താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവനകൾക്കെതിരെയും കടുത്ത ഭാഷയിൽ പ്രതികരിച്ച് നടനും രാഷ്ട്രീയ നേതാവുമായ കെ.ബി. ഗണേഷ് കുമാർ. ശ്വേതാ മേനോൻ പ്രസിഡന്റായിരുന്ന ‘അമ്മ’യുടെ കമ്മിറ്റിയിൽ ഒട്ടും യോജിപ്പുണ്ടായിരുന്നില്ലെന്ന് ഗണേഷ് കുമാർ തുറന്നുപറഞ്ഞു. സംഘടനയിൽ ഇനി താനൊരു നേതൃസ്ഥാനത്തേക്കും വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടത്തുക എന്നത് മാത്രമാണ് നിലവിലെ അഡ്ഹോക്ക് കമ്മിറ്റിയുടെ ദൗത്യമെന്നും വ്യക്തമായ കണക്കുകളോടെ കമ്മിറ്റി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അമ്മ’യ്ക്കുള്ളിൽ കണക്കുകൾ കൃത്യമല്ലെന്ന് പറയുന്നത് വെറും ആരോപണങ്ങൾ മാത്രമാണെന്നും അത്തരം കാര്യങ്ങൾ സംഘടനയ്ക്ക് ഒട്ടും അന്തസ്സല്ലെന്നും ഗണേഷ് കുമാർ ഓർമ്മിപ്പിച്ചു. സംഘടനയ്ക്കുള്ളിലെ സൗന്ദര്യ പിണക്കങ്ങൾ ഉള്ളിൽ തന്നെ ഒതുക്കാമായിരുന്നു. എന്നാൽ അതിന് സാധിക്കാതെ പോയത് സംഘടനയ്ക്ക് വലിയ രീതിയിൽ അവമതിപ്പുണ്ടാക്കി. കൃത്യമായ കണക്കുകൾ വ്യക്തമാക്കിത്തന്നെ അഡ്ഹോക്ക് കമ്മിറ്റി മുന്നോട്ടു കൊണ്ടുപോകും. ജനാധിപത്യ രീതിയിൽ കൃത്യമായ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ ഏൽപ്പിക്കുകയാണ് ഞങ്ങളുടെ ദൗത്യം. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചതിനെതിരെ ഗണേഷ് കുമാർ ശക്തമായി രംഗത്തുവന്നു. മുഖ്യമന്ത്രി അതീവ തിരക്കുള്ള ആളാണെന്നും എല്ലാവർക്കും സമയം അനുവദിക്കുന്നതിൽ അദ്ദേഹത്തിന് പരിമിതികൾ ഉണ്ടാകുമെന്നും ഗണേഷ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പദത്തിൽ ഇരിക്കുന്ന ഒരാളെ അവൻ എന്നോ ഇവൻ എന്നോ വിളിച്ച് അഭിസംബോധന ചെയ്യുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല. മുഖ്യമന്ത്രിയെ അങ്ങനെ വിളിക്കുന്നത് അന്തസ്സല്ല, തറവാടിത്തവുമല്ല. പദവിയും പ്രോട്ടോക്കോളും കൃത്യമായി മാനിക്കുന്നതാണ് യഥാർത്ഥ തറവാടിത്തം. ആർ. ബാലകൃഷ്ണപിള്ളയുടെ മകൻ എന്നതാണ് തന്റെ ഒന്നാമത്തെ മേൽവിലാസമെന്നും കലാകാരൻ എന്നത് മറ്റൊരു മേൽവിലാസമാണെന്നും പറഞ്ഞ ഗണേഷ്, ആ മേൽവിലാസം കളയാൻ ആർക്കും കഴിയില്ലെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൂടാതെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തികഞ്ഞ ആദർശമുള്ള ആളാണെന്നും തനിക്കറിയാവുന്ന വി.ഡി. സതീശൻ ഒരിക്കലും സുകുമാരൻ നായരുടെ അടുത്തേക്ക് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരസംഘടനയിലെ പ്രശ്നങ്ങൾക്കൊപ്പം പുതിയ രാഷ്ട്രീയ പോർമുഖങ്ങൾക്കും ഗണേഷ് കുമാറിന്റെ ഈ വാക്കുകൾ വഴിവെച്ചിരിക്കുകയാണ്.

Related Articles

Back to top button