‘ആംബുലൻസ് വിളിക്കാൻ 25,000 രൂപ വേണം; രാജേഷിൻറെ മൃതദേഹം കൊണ്ടുപോകാൻ പയ്യന്നൂർ തഹസിൽദാർ പണം ആവശ്യപ്പെട്ടു’..

ചെറുപുഴയിൽ രക്ഷാ പ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിൻറെ മൃതദേഹം കൊണ്ടുപോകാൻ പയ്യന്നൂർ തഹസിൽദാർ പണം ആവശ്യപ്പെട്ടെന്ന് ആരോപണം. റിവർ റാഫ്റ്റിംഗ് സൊസൈറ്റി പ്രസിഡന്റാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. ആംബുലൻസ് വിളിക്കാൻ 25,000 രൂപ വേണമെന്ന് തഹസിൽദാർ ആവശ്യപ്പെട്ടതായാണ് റിവർ റാഫ്റ്റിംഗ് സൊസൈറ്റി അനൂപ് വി.എ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ കളക്ടർക്ക് പരാതി നൽകുമെന്നും അനൂപ് പറഞ്ഞു.
ആംബുലൻസ് അറേഞ്ച് ചെയ്യാമെന്ന് റാഫ്റ്റിംഗ് ടീം പറഞ്ഞു. എന്നാൽ, പണമായി തന്നാൽ മതിയെന്ന് തഹസിൽദാർ മറുപടി നൽകി. ഒടുവിൽ ചെറുപുഴ പഞ്ചായത്ത് അംഗത്തിന് 10000 രൂപ നൽകിയെന്നും അനൂപ് പറഞ്ഞു. ഈ തുക പഞ്ചായത്ത് മെമ്പർ പിന്നീട് തിരികെ നൽകിയെന്നും അനൂപ് വ്യക്തമാക്കി. ഇക്കാര്യം സ്ഥിരീകരിച്ച് ചെറുപുഴ വാർഡ് മെമ്പർ അനീഷ് ആൻറണി രംഗത്തെത്തി. അനൂപിൻറെ വാട്ടർ റെപ്പല്ലിംഗ് ആക്ടിവിറ്റീസ് ഇൻസ്റ്റാൾ ചെയ്യാനാണ് രാജേഷ് ചെറുപുഴയിൽ എത്തിയത്. അതേസമയം, ആംബുലൻസ് പണത്തിനായി ആദ്യ ഘട്ടത്തിൽ സന്നദ്ധ സംഘടനകളുടെ സഹായം തേടിയിരുന്നുവെന്ന് മറുപടിയുമായി തഹസിൽദാർ രംഗത്തെത്തി. ആ സമയത്താണ് റാഫ്റ്റിംഗ് ടീമിനോടും ചോദിച്ചതെന്നും തഹസിൽദാർ പറഞ്ഞു.
അതേസമയം, രാജേഷിൻറെ മൃതദേഹം കൊണ്ട് പോയതിൽ വീഴ്ചയുണ്ടായ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് ജില്ലാ കലക്ടർക്ക് നൽകും. പരിയാരം മെഡി കോളജിൽ നിന്നും രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിലാണ് കൊണ്ടുപോയത്. ദുർഗന്ധം വന്നതോടെ ചാവക്കാട് വച്ച് ഫ്രീസറുള്ള മറ്റൊരു ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു. സംഭവം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ കണ്ണൂർ എഡിഎം പി.എൻ. പുരുഷോത്തമൻ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, പയ്യന്നൂർ തഹസീൽദാർ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. റിപ്പോർട്ട് ജില്ലാ കലക്ടർ പി.വിഷ്ണു രാജ് പരിശോധിച്ച ശേഷം സർക്കാരിന് സമർപ്പിക്കും. വീഴ്ച വരുത്തിയവർക്ക് എതിരെ വകുപ്പ് തല നടപടി ഉണ്ടായേക്കും.



