എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്?

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന സർക്കാരിന് വിവരങ്ങളും തെളിവുകളും കൈമാറിയിട്ടും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കണം
ഒരു രാഷ്ട്രീയ അഴിമതി നടന്നുവെന്ന ആരോപണം ഗൗരവമായി അന്വേഷിക്കേണ്ടതാണ്. മുൻ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്ന ആരോപണവും അതുമായി ബന്ധപ്പെട്ട രേഖകളും പൊതുസമൂഹത്തിന് മുന്നിലുണ്ട്. എന്നാൽ ഇതിൽ നിയമാനുസൃതമായ അന്വേഷണം നടത്തുന്നതിന് പകരം സർക്കാർ എല്ലാം മറച്ചുവയ്ക്കാൻ ശ്രമിക്കുന്ന സാഹചര്യമാണുള്ളത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത് ജനങ്ങളിൽ സംശയം ഉണ്ടാക്കുന്നതാണ്.
സി എം ആർ എൽ. കമ്പനിയുടെ ഡയറിയിൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പേരും പരാമർശിക്കപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിൽ പണം കൈപ്പറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ മറുപടി നൽകണം. ആരോപണങ്ങളിൽ കഴമ്പില്ലെങ്കിൽ അന്വേഷണത്തിലൂടെ അത് വ്യക്തമാക്കുകയാണ് വേണ്ടത്. പിന്നെ എന്തുകൊണ്ടാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതെന്നും മുഖ്യമന്ത്രി വിശദീകരിക്കണം.



