കെപിസിസി അംഗത്തിനെതിരായ ലൈംഗികാതിക്രമക്കേസ്… കോൺഗ്രസ് നേതാക്കളുടെ കടുത്ത സമ്മർദ്ദമെന്ന് യുവതി

കോഴിക്കോട്: കെപിസിസി അംഗം എ. അരവിന്ദാക്ഷനെതിരായ ലൈംഗികാതിക്രമക്കേസ് പിൻവലിക്കാൻ കോൺഗ്രസ് നേതാക്കളിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ടെന്ന ഗുരുതര ആരോപണവുമായി പരാതിക്കാരിയായ യുവതി. കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കോൺഗ്രസ് നേതാക്കൾ തന്നെ ഫോണിൽ വിളിച്ചതായും, പരാതി നൽകിയതിന്റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ വലിയ രീതിയിലുള്ള ഒറ്റപ്പെടുത്തലുണ്ടാകുന്നതായും യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

പാർട്ടിയുടെ മുഖച്ഛായ രക്ഷിക്കാൻ വേണ്ടി കേസ് പിൻവലിക്കണമെന്നാണ് നേതാക്കൾ പ്രധാനമായും ആവശ്യപ്പെടുന്നത്. മുതിർന്ന ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിലാണ് താൻ അരവിന്ദാക്ഷന്റെ സഹായം തേടിയതെന്നും എന്നാൽ തനിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ അനുഭവമാണെന്നും യുവതി പറയുന്നു. തന്റെ കടയുടെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് യുവതി അരവിന്ദാക്ഷന്റെ വീട്ടിലെത്തിയത്. ഈ സമയത്ത് ഇയാൾ തന്നോട് ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിയുടെ പരാതിയിൽ പോലീസ് ഔദ്യോഗികമായി കേസെടുത്തത്.

യുവതിയുടെ പരാതിക്ക് പിന്നാലെ ഒളിവിൽ പോയ കെപിസിസി അംഗം എ. അരവിന്ദാക്ഷനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കേസ് ഒതുക്കിത്തീർക്കാൻ നേതാക്കൾ ഇടപെടുന്നു എന്ന ആരോപണം കൂടി പുറത്തുവന്നതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായിട്ടുണ്ട്.

Related Articles

Back to top button