കൊട്ടാരക്കര അപകടത്തിൽ ടിപ്പർ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ ഗുരുതര കണ്ടെത്തലുകൾ….

കൊല്ലം: മൂന്ന് പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ കൊട്ടാരക്കര നീലേശ്വരത്തെ ടിപ്പർ ലോറി അപകടത്തിൽ ഡ്രൈവർക്കെതിരെയും വാഹന ഉടമയ്ക്കെതിരെയും ഗുരുതര കണ്ടെത്തലുകളുമായി മോട്ടോർ വാഹന വകുപ്പ്. അപകടമുണ്ടാക്കിയ ടിപ്പർ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ഇയാൾ ആദ്യമായാണ് ഇന്ന് വാഹനം നിരത്തിലിറക്കിയത്.

അപകടമുണ്ടാക്കിയ ടിപ്പർ ലോറിയുടെ ജിപിഎസ് സംവിധാനം പ്രവർത്തനക്ഷമമായിരുന്നില്ലെന്നും വാഹനത്തിൽ സ്പീഡ് ഗവർണർ ഘടിപ്പിച്ചിരുന്നില്ലെന്നും എംവിഡി കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് അപകടമുണ്ടാക്കിയ ലോറിയുടെ ഫിറ്റ്‌നസ് അധികൃതർ റദ്ദാക്കി. വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. സംഭവത്തിൽ ഡിഐജി നാഗരാജു ഐപിഎസിന്റെ നേതൃത്വത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അപകടമുണ്ടാക്കിയത് 16 വർഷം പഴക്കമുള്ള വാഹനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്കൂൾ വാഹനങ്ങളുടെ സമയവും ടിപ്പറുകളുടെ സമയവും തമ്മിൽ മാറ്റം വരുത്തി നിയന്ത്രിക്കേണ്ടതുണ്ടെന്നും ഇതിൽ കാലാനുസൃതമായ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച രാവിലെ ട്യൂഷൻ ക്ലാസിലേക്ക് പോകാൻ ബസ് കാത്തുനിന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കിടയിലേക്കാണ് മണ്ണുമായി വന്ന ടിപ്പർ പാഞ്ഞുകയറി മറിഞ്ഞത്. കവലയിലെ വളവിൽ വെച്ച് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബൈക്കിലിടിച്ച് ലോറി നിയന്ത്രണം വിടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ അധ്യാപകനായ ഹരിലാൽ (54), പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, കെഎസ്ആർടിസി ജീവനക്കാരൻ അജയ്യൻ എന്നിവർ മരണപ്പെട്ടിരുന്നു. പരിക്കേറ്റ ടിപ്പർ ഡ്രൈവർ നിസാം (40) ഉൾപ്പെടെയുള്ള 7 പേർ നിലവിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഫോറൻസിക് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കും.

Related Articles

Back to top button