3 വർഷത്തിനിടെ യുവതി ഓർഡർ ചെയ്തത് 258 കോടിയുടെ സാധനങ്ങൾ, എല്ലാം പണം നൽകാതെ തിരിച്ച് അയച്ചു, ഒടുവിൽ..

ജപ്പാനിലെ ജനപ്രിയ അനീമേഷൻ സീരിസുകളുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ കോടിക്കണക്കിന് രൂപയ്ക്ക് ഓർഡർ ചെയ്യുകയും പിന്നീട് പണം നൽകാതെ ഓർഡറുകൾ റദ്ദാക്കുകയും ചെയ്ത യുവതിയെ ജാപ്പനീസ് പോലീസ് അറസ്റ്റ് ചെയ്തു. കോടിക്കണക്കിന് രൂപയുടെ ആനിമെ, മംഗ സാധനങ്ങളാണ് മായു യോഷിദ എന്ന 32 -കാരി ഓൺലൈനായി ഓർഡർ ചെയ്ത്. ജപ്പാനിലെ ജനപ്രിയ മംഗ പ്രസാധകരായ ഷൂയിഷയുടെ ഓൺലൈൻ സ്റ്റോറിൽ നിന്നാണ് ഇവർ വിവിധ അക്കൗണ്ടുകളിലൂടെ വ്യാപക ഓർഡറുകൾ നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു

ഏകദേശം 4.3 ബില്യൺ ജാപ്പനീസ് യെൻ (ഏകദേശം 258 കോടി രൂപ) മൂല്യമുള്ള 2,100 -ലേറെ ഓർഡറുകളാണ് മായു യോഷിദ നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തൻറെ സ്വന്തം പേരിലല്ലാതെ വിവിധ പേരുകളിലായി 238 അക്കൗണ്ടുകൾ ഉപയോഗിച്ചായിരുന്നു ഇവർ ഇത്രയേറെ ഓർഡറുകൾ കമ്പനിയ്ക്ക് നൽകിയത്. ‘വൺ പീസ്’, ‘നറൂട്ടോ’ തുടങ്ങിയ ജനപ്രിയ ആനിമെ, മംഗ പരമ്പരകളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളാണ് മായു പ്രധാനമായും ഓർഡർ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

സാധനങ്ങൾ ഓർഡർ ചെയ്ത സമയത്ത് ഇവർ ക്യാഷ് ഓൺ ഡെലിവറി ഓപ്ഷനാണ് തെര‍ഞ്ഞെടുത്തത്. എന്നാൽ, സാധനങ്ങളുമായി ഡെലിവറി ഏ‍ജൻറുമാർ വീട്ടിലെത്തുമ്പോൾ തനിക്ക് അറിയില്ലെന്ന് പറഞ്ഞ് ഇവർ ഓരോ ഓർഡറുകളും തിരിച്ച് അയച്ചു. അതേസമയം മറ്റ് ചില ഓർഡറുകൾ ഇവർ അയക്കുന്നതിന് മുമ്പ് റദ്ദാക്കിയിരുന്നെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ 2,100 -ലേറെ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകളാണ് മായു റദ്ദാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഓർഡർ ചെയ്ത് ഡെലിവറി ചെയ്ത വസ്തുക്കൾ ക്യാൻസൽ ചെയ്ത് തിരിച്ചെത്തിയതിലൂടെ മാത്രം ഷൂയിഷയ്ക്ക് ഏകദേശം 7.5 മില്യൺ യെൻ (ഏകദേശം 45 ലക്ഷം രൂപ) നഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഇത് പ്രധാനമായും പോസ്റ്റിംഗ്, ഡെലിവറി, സാധനങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ചെലവുകളാണെന്ന് കമ്പനി വ്യക്തമാക്കുന്നു.

Related Articles

Back to top button