വന്ദേമാതരം മുഴുവൻ പാടണം’.. യുഡിഎഫിലും എതിർപ്പ്

സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വന്ദേമാതരം പൂർണ രൂപത്തിൽ ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം യുഡിഎഫ് സർക്കാരിനെയും ഘടകകക്ഷിയായ മുസ്ലിം ലീഗിനെയും പ്രതിരോധത്തിലാക്കുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗീതമായ വന്ദേമാതരം മുഴുവനായി പാടണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഈ മാസം 6ന് സർക്കുലർ പുറത്തിറക്കിയതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികൾക്ക് ഉത്തരവിൽ വിയോജിപ്പ് ഉള്ളതായാണ് വിവരം. യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച് എൽഡിഎഫും രംഗത്തെത്തിയിട്ടുണ്ട്.
ചരിത്രപരമായി വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ മാത്രം ആലപിക്കുന്നതാണ് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് അനുയോജ്യമെന്ന നിലപാടാണ് വിമർശകർ ഉയർത്തുന്നത്. മുഴുവൻ വരികളും നിർബന്ധമാക്കുന്നത് ആർഎസ്എസ് അജണ്ട നടപ്പിലാക്കലാണെന്നും, രാജ്യത്ത് പൊതുവെ അംഗീകരിക്കപ്പെട്ട കീഴ്വഴക്കങ്ങൾക്ക് എതിരാണിതെന്നും ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ നേതാക്കൾ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുമ്പും നിയമസഭാ സമ്മേളനങ്ങളിലും മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളിലും വന്ദേമാതരം പൂർണമായി ആലപിക്കുന്നത് സംബന്ധിച്ച് സമാന തർക്കങ്ങൾ ഉടലെടുത്തിരുന്നു.
വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നതോടെ, ഗവർണറുടെ നിർദേശപ്രകാരമാണ് സർക്കുലർ ഇറക്കിയതെന്നും ഇതിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി. വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്നാണ് യുഡിഎഫ് നിലപാടെന്നും മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പാർട്ടിയുടെ തുടർന്നുള്ള പ്രതികരണങ്ങൾ ഉണ്ടാകുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും വ്യവസായ മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.




