കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ….

തിരുവനന്തപുരം: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്ന് പൊലീസ് പറയുന്ന യുവാവ് പിടിയിൽ. കൊല്ലം കുളത്തൂർക്കോണം സ്വദേശി നന്ദുവിനെയാണ് പാറശ്ശാല പൊലീസ് ചാക്കയിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ നിന്ന് സാഹസികമായി പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ തരപ്പെടുത്തി നൽകുന്ന സംഘത്തിലെ പ്രധാനിയാണ് നന്ദുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
രണ്ടാഴ്ച മുമ്പ് പാറശ്ശാലയിൽ എംഡിഎംഎയുമായി കാട്ടാക്കട സ്വദേശി വിഷ്ണുവിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ നന്ദുവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നന്ദുവിന്റെ നീക്കങ്ങൾ സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഇന്നലെ രാത്രി എംഡിഎംഎ വാങ്ങാനെന്ന വ്യാജേനയാണ് പാറശ്ശാല എസ്‌ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചാക്കയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. തുടർന്ന് നടത്തിയ നീക്കത്തിലാണ് നന്ദുവിനെ പിടികൂടിയത്. കേരളത്തിൽനിന്ന് ലഹരി തേടി ബെംഗളൂരുവിലെത്തുന്നവർക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാനിയാണ് നന്ദുവെന്നാണ് പാറശ്ശാല പൊലീസിന്റെ വിശദീകരണം.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി പത്തിലധികം ലഹരിക്കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നും പൊലീസ് പറയുന്നു. നിരവധി തവണ ലഹരിവസ്തുക്കളുമായി നന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ലഹരി വിതരണ ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.




