തിരുവനന്തപുരം മൃഗശാല മാറ്റും; നഗരഹൃദയത്തിലെ സ്ഥലം ഇനി ‘മാഡിസൺ സ്‌ക്വയർ’ മാതൃകയിൽ! മുഖ്യമന്ത്രിയുടെ വമ്പൻ പ്രഖ്യാപനം

തിരുവനന്തപുരം നഗരമധ്യത്തിലെ മൃഗശാല മാറ്റണമെന്ന നിലപാടിൽ ഉറച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃഗങ്ങളെ നഗരത്തിൽ പാർപ്പിക്കുന്നതിനുപകരം അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ വനമേഖലയോട് ചേർന്ന പ്രദേശത്തേക്ക് മൃഗശാല മാറ്റണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. നിലവിലെ മൃഗശാലയുടെ സ്ഥലത്ത് മാഡിസൺ സ്‌ക്വയർ മാതൃകയിലുള്ള വലിയ പൊതുഇടം വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള ട്രാവൽ മാർട്ടിന്റെ 13-ാം പതിപ്പ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വീണ്ടും പ്രഖ്യാപിച്ചത്. നഗരത്തിനുള്ളിൽ മൃഗശാല നിലനിർത്തുന്നത് മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും വനത്തിന്റെ അതിർത്തിയോട് ചേർന്നുള്ള സ്ഥലത്ത് അവയ്ക്ക് കൂടുതൽ അനുയോജ്യമായ അന്തരീക്ഷം ഒരുക്കണമെന്നുമാണ് സതീശൻ പറഞ്ഞത്.

തിരുവനന്തപുരം മൃഗശാല മാറ്റിയശേഷം നിലവിലെ സ്ഥലം വിനോദസഞ്ചാരികളെയും നഗരത്തിലെത്തുന്നവരെയും ആകർഷിക്കുന്ന പ്രധാന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാഡിസൺ സ്‌ക്വയർ മാതൃകയിലുള്ള ചത്വരം ഉൾപ്പെടെ വികസിപ്പിക്കുന്നതിലൂടെ തലസ്ഥാന നഗരത്തിന് പുതിയ മുഖം നൽകാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് മറ്റ് പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നടത്തി. കൊച്ചിയിൽ ഓഷ്യനേറിയവും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും സ്ഥാപിക്കുമെന്നും കോഴിക്കോട് എം.ടി. വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക് ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന നിർദേശം സതീശൻ നേരത്തെയും മുന്നോട്ടുവച്ചിരുന്നു. മൃഗശാല നഗരമധ്യത്തിൽ നിന്ന് മാറ്റി നെയ്യാർ പോലുള്ള വനമേഖലകളോട് ചേർന്ന പ്രദേശത്തേക്ക് സ്ഥാപിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മൃഗശാലയുടെ നിലവിലെ സ്ഥലം മാഡിസൺ സ്‌ക്വയർ പോലെയോ പ്രാഗിലെ സ്ക്വയർ പോലെയോ മനോഹരമായ പൊതുഇടമാക്കി മാറ്റണമെന്ന ആശയവും നേരത്തെ അദ്ദേഹം പങ്കുവച്ചിരുന്നു.

അതേസമയം, മൃഗശാല മാറ്റാനുള്ള നീക്കത്തെച്ചൊല്ലി രാഷ്ട്രീയവിവാദവും ശക്തമാണ്. സി.പി.എം. ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ പദ്ധതിയെ വിമർശിച്ചപ്പോൾ തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയുടെ നിർദേശത്തെ പിന്തുണച്ചിട്ടുണ്ട്. മൃഗശാല മാറ്റുന്നതിന് പിന്നിൽ വാണിജ്യലക്ഷ്യമുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Related Articles

Back to top button