സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു… ഫെബ്രുവരി 16 മുതല്‍….

തിരുവനന്തപുരം: പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ തീയതികള്‍ സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പ്രസിദ്ധീകരിച്ചു. രണ്ട് ക്ലാസുകളിലെയും പരീക്ഷകള്‍ 2027 ഫെബ്രുവരി 16ന് ആരംഭിക്കും. ഇന്ത്യൻ സമയം രാവിലെ 10.30 നാണ് എല്ലാ പരീക്ഷകളും തുടങ്ങുക.

പരീക്ഷ ആരംഭിക്കുന്നതിന് 101 ദിവസങ്ങള്‍ക്ക് മുൻപാണ് ഷെഡ്യൂള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്ന് പുറത്തിറക്കിയ സി.ബി എസ് ഇ (CBSE) വിജ്ഞാപന പ്രകാരം പത്താം ക്ലാസ് വിദ്യാർത്ഥികള്‍ക്ക് 83 വിഷയങ്ങളിലും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികള്‍ക്ക് 121 വിഷയങ്ങളിലുമാണ് പരീക്ഷ നടക്കുക.

വിദ്യാർത്ഥികള്‍ കൂടുതലായി ഒരുമിച്ച്‌ തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ക്കിടയിലെ ഇടവേളകള്‍, പ്രധാന പ്രവേശന പരീക്ഷകളുടെ തീയതികള്‍, ഓരോ പരീക്ഷാ കേന്ദ്രത്തിലും എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് പരീക്ഷാ ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ബോർഡ് വ്യക്തമാക്കി. മൂല്യനിർണ്ണയ പ്രക്രിയ നടക്കുന്ന സമയത്ത് വിദ്യാർത്ഥികള്‍ക്ക് സ്കൂളുകളില്‍ നിന്നുള്ള നീണ്ട അവധികള്‍ ഒഴിവാക്കുന്ന രീതിയിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഒരു വിദ്യാർത്ഥി തിരഞ്ഞെടുത്ത രണ്ട് വിഷയങ്ങളുടെ പരീക്ഷകള്‍ ഒരേ ദിവസം വരുന്നില്ലെന്ന് ഉറപ്പാക്കാൻ നാല്‍പതിനായിരത്തിലധികം സബ്ജക്‌ട് കോമ്പിനേഷനുകള്‍ ബോർഡ് പരിശോധിച്ചു. സ്കൂളുകള്‍ വിദ്യാർത്ഥികളുടെ അന്തിമ പട്ടിക അഥവാ ലിസ്റ്റ് ഓഫ് കാൻഡിഡേറ്റ്സ് സമർപ്പിച്ചതിന് ശേഷമാണ് തീയതികള്‍ തയ്യാറാക്കിയത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികള്‍ക്ക് പ്രധാന പ്രവേശന പരീക്ഷകള്‍ ആരംഭിക്കുന്നതിന് മുൻപ് തന്നെ ബോർഡ് പരീക്ഷകള്‍ പൂർത്തിയാക്കാനും തയ്യാറെടുപ്പുകള്‍ കാര്യക്ഷമമാക്കാനും നേരത്തെയുള്ള ഈ ഷെഡ്യൂള്‍ സഹായിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കി പരീക്ഷകള്‍ സുഗമമായി നടത്താൻ ഓരോ കേന്ദ്രത്തിലെയും വിദ്യാർത്ഥികളുടെ എണ്ണവും ബോർഡ് പ്രത്യേകമായി പരിഗണിച്ചിട്ടുണ്ട്.

Related Articles

Back to top button