സിജെപിയുമായുള്ള താരതമ്യം.. ശശി തരൂരിനെ തള്ളി കോൺഗ്രസ്…

സിജെപിയുമായുള്ള താരതമ്യത്തിൽ ശശി തരൂരിനെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് നേതാക്കൾ. തരൂരിന്റെ പരാമർശത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള നീക്കങ്ങളെ റദ്ദാക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് തരൂരിന്റേതെന്നും ബിജെപിക്ക് വടി കൊടുക്കുന്ന നിലപാടാണെന്നും കോൺഗ്രസ് നേതാക്കൾ വിമർശിച്ചു.

അതേസമയം, പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ രംഗത്തെത്തി. തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും പാർട്ടിക്കും നേതൃത്വത്തിനുമെതിരായ ആക്രമണമായി വ്യാഖ്യാനിച്ചെന്നും തരൂർ വ്യക്തമാക്കി. മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന സംവാദ പരിപാടിയിലായിരുന്നു തരൂരിന്റെ പരാമർശം. ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പരിശോധിക്കണമെന്നായിരുന്നു തരൂർ പറഞ്ഞത്. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞെന്നും അതുപോലെ കോൺഗ്രസിന് അവരുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് കോൺഗ്രസ് സ്വയം പരിശോധിക്കണമെന്നും തരൂർ പറഞ്ഞു. രാഹുൽ ഗാന്ധിയും വിദ്യാർഥികളുടെ വിഷയങ്ങൾ ഏറ്റെടുത്തിരുന്നെങ്കിലും സിജെപിയെപ്പോലെ ഫലപ്രദമായി അത് ചെയ്യാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവാക്കളെ കേൾക്കാൻ കഴിയുന്നില്ലെങ്കിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അപ്രസക്തമാകുമെന്നും തരൂർ മുന്നറിയിപ്പ് നൽകി.

തരൂരിന്റെ പരാമർശം പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്. പ്രസ്താവന രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ നീക്കങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്നും ബിജെപിക്ക് രാഷ്ട്രീയ ആയുധം നൽകുന്നതാണെന്നും നേതാക്കൾ വിമർശിച്ചു. എന്നാൽ, താൻ കോൺഗ്രസിനോ നേതൃത്വത്തിനോ എതിരായി സംസാരിച്ചിട്ടില്ലെന്നാണ് തരൂരിന്റെ വിശദീകരണം. തന്റെ വാക്കുകളുടെ ഉദ്ദേശ്യം വളച്ചൊടിക്കപ്പെട്ടുവെന്നും യുവാക്കളെ കൂടുതൽ ഫലപ്രദമായി കേൾക്കേണ്ടതിന്റെ ആവശ്യകത മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നും തരൂർ വ്യക്തമാക്കി.

Related Articles

Back to top button