ഷാപ്പിലെ കള്ളും മീൻ കറിയും വില്ലനായി… കുമരകം സ്വദേശിക്ക് ദാരുണാന്ത്യം.. സുഹൃത്തുക്കൾ ഗുരുതരാവസ്ഥയിൽ

കോട്ടയം: കോട്ടയം പരിപ്പിലെ പ്രശസ്തമായ ‘തൊള്ളായിരം ഷാപ്പി’ൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ഷാപ്പിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുകയും കള്ള് കുടിക്കുകയും ചെയ്ത കുമരകം സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (39) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാല് സുഹൃത്തുക്കൾ കടുത്ത അസ്വസ്ഥതകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കുമരകം സ്വദേശികളായ ഏഴുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘമാണ് കഴിഞ്ഞ ദിവസം പരിപ്പിലെ തൊള്ളായിരം ഷാപ്പിൽ എത്തിയത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ചവരിൽ മീൻ കറി കഴിച്ച അഞ്ചുപേർക്കാണ് പിന്നീട് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ജ്യോതിഷിന്റെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

നിലവിൽ അഖിൽ, സുജിത്ത്, നിഖിൽ, ഗിരീഷ് എന്നിവരാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ഷാപ്പിൽ നിന്ന് കഴിച്ച മീൻ കറിയിൽ നിന്നാണോ ഭക്ഷ്യവിഷബാധയേറ്റതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് അധികൃതർ ഷാപ്പിൽ പരിശോധന നടത്തുമെന്നാണ് വിവരം.

Related Articles

Back to top button