ഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ വൻ സ്ഫോടനം…. 18 പേരെ കാണാതായി…. 54 പേർ…

ഖത്തറിലെ പ്രമുഖ വ്യാവസായിക മേഖലയായ റാസ് ലഫാനിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 18 പേരെ കാണാതാവുകയും 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കാണാതായവർക്കായി പ്രത്യേക സന്നാഹങ്ങളോടെ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പിനെ ദുരന്തബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഖത്തർ എനർജിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള റാസ് ലഫാൻ വ്യവസായ മേഖലയിലെ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിൽ തീപിടിത്തവും തുടർന്ന് സ്ഫോടനവും ഉണ്ടായത്. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ച ഘട്ടത്തിലുണ്ടായ സാങ്കേതിക പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെയും ഖത്തർ എനർജിയുടെയും പ്രാഥമിക വിലയിരുത്തൽ. അപകടത്തെ തുടർന്ന് അന്തരീക്ഷത്തിൽ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വാതകച്ചോർച്ചകൾ ഒന്നും തന്നെ നിലവിലില്ലെന്ന് മന്ത്രാലയം ജനങ്ങൾക്ക് ഉറപ്പുനൽകി.

ദോഹയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ (50 മൈൽ) വടക്കായി സ്ഥിതി ചെയ്യുന്ന റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി (LNG) കയറ്റുമതി കേന്ദ്രങ്ങളിൽ ഒന്നാണ്. ആഗോള വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്. നേരത്തെ, മാർച്ചിൽ ഉണ്ടായ ഇറാനിയൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഈ വ്യാവസായിക കേന്ദ്രത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നതായി ഖത്തർ സർക്കാർ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും പ്ലാന്റിൽ വൻ സ്ഫോടനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിക്കേറ്റവരെ ദോഹയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button