സംസ്ഥാനത്ത് കാലവർഷം വീണ്ടും കനക്കുന്നു…. നാളെ മുതൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. നാളെയും മറ്റന്നാളും കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. ജാഗ്രതയുടെ ഭാഗമായി ഇന്ന് വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴയുടെ ശക്തി കൂടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഞായറാഴ്ച (നാളെ) സംസ്ഥാനത്തെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് നാളെ ജാഗ്രതാ നിർദേശം.
തുടർന്ന് തിങ്കളാഴ്ചയും വടക്കൻ ജില്ലകളിൽ മഴ കനക്കും. തിങ്കളാഴ്ച തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബിക്കടലിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർക്കും തീരദേശവാസികൾക്കും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ഒമാൻ തീരം, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.



