പള്ളിക്കും മദ്രസയ്ക്കും പത്തുരൂപ തരാത്തവർ ഫ്ലെക്സിന് പണമൊഴുക്കുന്നു… ഫുട്ബോൾ ആരാധനയ്ക്കെതിരെ എസ്.വൈ.എസ് സെക്രട്ടറി

ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി കായികപ്രേമികൾ നാടുനീളെ ഭീമൻ കട്ടൗട്ടുകളും ഫ്ളക്സുകളും സ്ഥാപിക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. യൂറോപ്പുകാര്‍ക്ക് പോലുമില്ലാത്ത ഫ്ളക്സ് ഭ്രാന്താണ് ഇവിടെ ചിലർ കാണിക്കുന്നതെന്നും, ഇത്തരം അനാവശ്യ ആരാധനകൾ ആളുകൾ കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലീം ജനവിഭാഗം കൂടുതൽ ഉള്ളയിടങ്ങളിലാണ് ഫുട്ബോളിനോടുള്ള ഈ അമിത ആരാധന കൂടുതലായി കണ്ടുവരുന്നത്. പള്ളിയിലേക്കോ മദ്രസയിലേക്കോ പത്തുരൂപ ചോദിച്ചാൽ തരാത്തവർ പോലും ഫ്ളക്സ് വയ്ക്കാന്‍ വലിയ തുക പണം ചിലവാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കളി കാണുന്നതിലോ കളിക്കുന്നതിലോ തെറ്റില്ല, ഇന്ത്യ ലോകകപ്പില്‍ കളിക്കുന്നുണ്ടായിരുന്നെങ്കില്‍ ഈ ആവേശത്തിൽ അർത്ഥമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ ഇത്തരം അനാവശ്യ ആവേശങ്ങൾ കുട്ടികളുടെ മനസ്സിലേക്ക് അടിച്ചുകയറ്റുകയാണെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
ഫ്ളക്സ് സ്ഥാപിച്ച ചില കുട്ടികളുടെ കുടുംബ പശ്ചാത്തലം ഉദാഹരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഫ്ളക്സ് വെച്ച പല കുട്ടികളുടെയും വീട്ടിൽ കടുത്ത പട്ടിണിയാണ്. വീട്ടിൽ മൂന്നാല് പെൺകുട്ടികളെ കല്യാണം കിച്ചയക്കാനുണ്ട്, വീടിന്റെ ആധാരം ബാങ്കിൽ പണയത്തിലാണ്. ഇങ്ങനെയുള്ള സാഹചര്യമുള്ളവരാണ് കഷ്ടപ്പെട്ട് കൂലിപ്പണിയെടുത്തുണ്ടാക്കുന്ന പണം കൊണ്ട് ഫുട്ബോൾ താരങ്ങളുടെ ഫ്ളക്സ് വയ്ക്കുന്നതെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ മലപ്പുറത്ത് പറഞ്ഞു. അദ്ദേഹത്തിന്റെ ഈ പ്രസ്താവന സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.



