നീറ്റ് വിവാദത്തിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ വീണ്ടും അഴിച്ചുപണി….

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ വീണ്ടും ഉന്നതതല ഉദ്യോഗസ്ഥ അഴിച്ചുപണി. ജൂലൈ 23ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ച നരേഷ് പാൽ ഗംഗ്വാറിനെ മാറ്റി ദീപ്തി ഗൗർ മുഖർജിയെ പുതിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായി കേന്ദ്ര സർക്കാർ നിയമിച്ചു. കമ്പനികാര്യ മന്ത്രാലയ സെക്രട്ടറിയായിരുന്ന ദീപ്തി ഗൗർ മുഖർജിയാണ് പുതിയ ചുമതലയേൽക്കുക.
മുൻ ഉത്തരവിൽ ഭാഗികമായി ഭേദഗതി വരുത്തിയാണ് കാബിനറ്റ് നിയമന സമിതിയുടെ പുതിയ തീരുമാനം. നിയമനം നടന്ന് 17 ദിവസം പിന്നിടുമ്പോഴാണ് ഗംഗ്വാറിനെ മാറ്റുന്നത്. നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും ദേശീയ ടെസ്റ്റിങ് ഏജൻസിക്കെതിരായ പ്രതിഷേധങ്ങളും ശക്തമായി തുടരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നിർണായക നീക്കം. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകളെ തുടർന്ന് നീറ്റ്-യുജി പരീക്ഷാ സംവിധാനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. നേരത്തെ പ്രതിഷേധം ശക്തമായ ഘട്ടത്തിലാണ് മുൻ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി നരേഷ് പാൽ ഗംഗ്വാറിനെ നിയമിച്ചത്. എന്നാൽ ഗംഗ്വാറിന്റെ കുടുംബാംഗങ്ങൾക്ക് ദേശീയ ഹോർട്ടികൾച്ചർ ബോർഡ് പദ്ധതിയിലൂടെ 1.16 കോടിയോളം രൂപയുടെ സർക്കാർ സബ്സിഡി ലഭിച്ചെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിയമനത്തിനെതിരെ വ്യാപക വിമർശനം ഉയർന്നു. എം.പി. ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 17 ദിവസത്തിനകം ഗംഗ്വാറിനെ മാറ്റി പുതിയ നിയമനം നടത്തിയത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്തടക്കം വിദ്യാർഥി സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങളാണ് നടന്നത്. സോനം വാങ്ചുകിന്റെ നിരാഹാര സമരവും ജെൻ-സി യുവാക്കളുടെ പ്രതിഷേധവും സർക്കാരിന് മേൽ സമ്മർദം ശക്തമാക്കിയിരുന്നു. അതേസമയം, നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട സമഗ്ര അന്വേഷണം സിബിഐക്ക് കൈമാറിയിട്ടുണ്ട്. പരീക്ഷാ സംവിധാനം പരിഷ്കരിക്കുന്നതിനായി നന്ദൻ നിലേകനി അധ്യക്ഷനായ ഉന്നതതല ടാസ്ക് ഫോഴ്സിനും രൂപം നൽകിയിട്ടുണ്ട്. പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനായി കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതികളും കേന്ദ്ര സർക്കാർ നടപ്പിലാക്കിവരികയാണ്.



