സൗദിയിൽ കണ്ണൂർ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

43 കിലോഗ്രാം മാരക മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി 41-കാരനായ അബൂട്ടി വെള്ളിലി ആണ് വധശിക്ഷയ്ക്ക് വിധേയനായത്. ദമ്മാമിലെ ജയിൽ വളപ്പിൽ വെച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമാനിൽ നിന്ന് റോഡ് മാർഗം സൗദി അറേബ്യയിലേക്ക് പ്രവേശിച്ച അബൂട്ടിയുടെ ലാൻഡ് ക്രൂയിസർ വാഹനത്തിൽ നിന്ന് അതിർത്തി പരിശോധനയ്ക്കിടെയായിരുന്നു 43 കിലോഗ്രാം മാരക ലഹരിമരുന്ന് സുരക്ഷാസേന പിടിച്ചെടുത്തത്.
തനിക്ക് ലഭിച്ചത് ഒരു പാഴ്സൽ മാത്രമാണെന്നും അതിനുള്ളിൽ മയക്കുമരുന്നുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും അബൂട്ടി വിചാരണയ്ക്കിടെ വാദിച്ചിരുന്നു. മറ്റൊരാൾ പാഴ്സൽ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് സാധനം കൈമാറുകയായിരുന്നുവെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കേസിൽ പ്രതിക്കെതിരായ തെളിവുകൾ ശക്തമായിരുന്നുവെന്നാണ് റിപ്പോർട്ട്.
തുടർന്ന് സൗദി കോടതി അബൂട്ടിക്ക് വധശിക്ഷ വിധിച്ചു. വിധിക്കെതിരെ അദ്ദേഹം നൽകിയ ഉന്നതതല ഹർജികളും നേരത്തെ തള്ളിയിരുന്നു. നിയമനടപടികൾ പൂർത്തിയായതിനു പിന്നാലെയാണ് ദമ്മാമിലെ ജയിലിൽ വധശിക്ഷ നടപ്പാക്കിയത്.
