കുംഭമേള വൈറൽ താരത്തിന് സുരക്ഷ നൽകാൻ കേരള ഹൈക്കോടതി ഉത്തരവ്…. പിന്നാലെ കൂടി മധ്യപ്രദേശ് പൊലീസ്

കൊച്ചി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിക്ക് സുരക്ഷയൊരുക്കാൻ കേരള ഹൈക്കോടതിയുടെ നിർദേശം. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സെൻട്രൽ പൊലീസിന് കോടതി നിർദേശം നൽകിയത്. പെൺകുട്ടിയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. എന്നാൽ, ഈ കേസിന് പിന്നിൽ വലിയൊരു വിവാദവും നിയമപോരാട്ടവുമാണ് പുകയുന്നത്.

പെൺകുട്ടിയുടെ പിതാവ് മധ്യപ്രദേശ് പൊലീസിൽ നൽകിയ പരാതിയിൽ പെൺകുട്ടിയുടെ ഭർത്താവായ മുഹമ്മദ് ഫർഹാൻ ഖാൻ നിലവിൽ പ്രതിയാണ്. ഫർഹാൻ ഖാൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നാണ് കുടുംബത്തിന്റെ പരാതി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വെറും 16 വയസ്സ് മാത്രമാണ് പ്രായമെന്നും കുടുംബം കോടതിയിൽ അവകാശപ്പെട്ടു. ഇതുകൂടാതെ, ജനന രജിസ്ട്രാറുടെ മുന്നിൽ വ്യാജ വിവരങ്ങൾ നൽകി പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് നേടാൻ രേഖകൾ തിരുത്തിയെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ വാദം. സർട്ടിഫിക്കറ്റിലെ ജനന തീയതിയും ആശുപത്രി രേഖകളും തമ്മിൽ വലിയ പൊരുത്തക്കേടുകളുണ്ട്. ഇക്കാരണത്താൽ ബിഎൻഎസ് (ഭാരതീയ ന്യായ സംഹിത) അനുസരിച്ച് വ്യാജരേഖ ചമച്ചെന്ന കുറ്റവും, പട്ടികജാതി പീഡന നിരോധന നിയമത്തിലെ (SC/ST Act) കടുത്ത കുറ്റങ്ങളും ഫർഹാനെതിരെ ചുമത്തുമെന്നും മധ്യപ്രദേശ് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ വിവാഹം നിയമപരമായി അസാധുവാണെന്നാണ് മധ്യപ്രദേശ് പൊലീസ് കേരള ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

ഫർഹാൻ ഖാന്റെ മുൻകൂർ ജാമ്യാപേക്ഷയെ മധ്യപ്രദേശ് പൊലീസ് ശക്തമായി എതിർത്തു. കേസിൽ പെൺകുട്ടിയുടെയും ഭർത്താവ് ഫർഹാൻ ഖാന്റെയും ഹർജികൾ വിശദമായി കേട്ട കേരള ഹൈക്കോടതി, ഇതിൽ അന്തിമ വിധി പറയുന്നതിനായി കേസ് മാറ്റിവെച്ചിരിക്കുകയാണ്. കുംഭമേള ചിത്രങ്ങളിലൂടെ രാജ്യമെമ്പാടും ശ്രദ്ധിക്കപ്പെട്ട പെൺകുട്ടിയുടെ പ്രണയവും വിവാഹവും ഇപ്പോൾ കനത്ത നിയമക്കുരുക്കിലേക്കാണ് വഴിമാറിയിരിക്കുന്നത്.

Related Articles

Back to top button