ക്രിസ്ത്യൻ ആചാരപ്രകാരമല്ല അടക്കം ചെയ്തത്… വാണിയപ്പാറ ചർച്ചിലെ കല്ലറ തുറന്നപ്പോൾ കണ്ടത് അമ്പരപ്പിക്കുന്നത്….

കണ്ണൂർ: കണ്ണൂർ വാണിയപ്പാറ ഇൻഫാന്റ് ജീസസ് ചർച്ചിലെ (Infant Jesus Church) കല്ലറയെച്ചൊല്ലി വൻ ദുരൂഹതയും ആശങ്കയും ഉയരുന്നു. സംശയത്തെ തുടർന്ന് പള്ളി അധികൃതരുടെ സാന്നിധ്യത്തിൽ കല്ലറ തുറന്ന് പരിശോധിച്ചപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിൽ ചില വസ്തുക്കൾ കണ്ടെത്തിയത്. ഇതിനുള്ളിൽ മനുഷ്യ മൃതദേഹമാണെന്നാണ് പ്രാഥമികമായി ഉയരുന്ന ശക്തമായ സംശയം. സംഭവത്തിൽ കരിക്കോട്ടക്കരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കല്ലറയിലെ ഈ അസ്വാഭാവികമായ അടക്കം ചെയ്യലിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികൾ ഒന്നടങ്കം ആരോപിക്കുന്നത്.
ക്രിസ്ത്യൻ മതവിശ്വാസപ്രകാരവും പള്ളികളിലെ പരമ്പരാഗത ആചാരപ്രകാരവും ഇത്തരത്തിൽ പായയിൽ പൊതിഞ്ഞ് കല്ലറകളിൽ മൃതദേഹം അടക്കം ചെയ്യാറില്ലെന്ന് പ്രദേശവാസിയായ ജിൽസ് ഉണ്ണിമാക്കൽ പറഞ്ഞു. ഈ ക്രമക്കേടിനെക്കുറിച്ച് മുൻപ് അറിവുണ്ടായിരുന്ന ചിലർ ഇത് പുറത്തുപറയാതെ രഹസ്യമാക്കി വെക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. കല്ലറയ്ക്കുള്ളിൽ നിന്നും കണ്ടെത്തിയ വസ്തുക്കൾ മൃതദേഹം തന്നെയെന്ന് ഉറപ്പിക്കുന്ന രീതിയിലാണ് നിലവിലെ സൂചനകൾ. കല്ലറയിലെ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പള്ളി കമ്മിറ്റിയാണ് പോലീസിൽ വിവരമറിയിച്ചതെന്ന് വാണിയപ്പാറ പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ വ്യക്തമാക്കി.
കല്ലറ തുറന്നപ്പോൾ കണ്ട കാഴ്ച്ചകളിൽ മൃതദേഹമാണെന്ന് ശക്തമായ സംശയം തോന്നിയിട്ടുണ്ട്. സാധാരണ ക്രിസ്ത്യൻ ആചാരപ്രകാരം ഇങ്ങനെയല്ല അടക്കം നടത്താറുള്ളത്. മുൻപ് എവിടെയെങ്കിലും വെച്ച് പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹമാണോ ഇതെന്ന കാര്യത്തിലും സംശയമുണ്ട്. എന്തായാലും പൊലീസിന്റെ അന്വേഷണത്തോട് പള്ളി കമ്മിറ്റിയും അധികൃതരും പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കരിക്കോട്ടക്കരി പോലീസ് ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ട്. കല്ലറയ്ക്കുള്ളിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്കായി മാറ്റാനാണ് പോലീസിന്റെ തീരുമാനം. ഇത് ആരുടെ മൃതദേഹമാണ്, എപ്പോഴാണ് ഇവിടെ അടക്കം ചെയ്തത്, ആചാരങ്ങൾ ലംഘിച്ച് ഒളിച്ചുകടത്താൻ ശ്രമിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ പോലീസ് വിപുലമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രദേശത്തെ ആളുകളിൽ നിന്നും പോലീസ് മൊഴിയെടുപ്പ് ആരംഭിച്ചിട്ടുണ്ട്.



