500 കോടിയുടെ കശുവണ്ടി അഴിമതിക്കേസ്… ബജറ്റ് തിരക്കെന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ… വിട്ടുവീഴ്ചയില്ലാതെ ഹൈക്കോടതി

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി. ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി കർശന നിർദേശം നൽകിയിട്ടും മുഹമ്മദ് ഹനീഷ് എത്താതിരുന്നതിനെ തുടർന്നാണ് ജസ്റ്റിസ് എ ബധറുദ്ധീന്റെ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. “തന്ത്രങ്ങൾ കോടതിയോട് വേണ്ട” എന്ന് ഓർമ്മിപ്പിച്ച കോടതി, വരും ദിവസങ്ങളിൽ കടുത്ത നിയമനടപടികളിലേക്ക് കടക്കുമെന്ന സൂചനയും നൽകി.

ബജറ്റിന്റെ തിരക്കായതിനാലാണ് ഹാജരാകാത്തത് എന്നാണ് മുഹമ്മദ് ഹനീഷ് കോടതിയെ അറിയിച്ചത്. എന്നാൽ ഈ കാരണം തള്ളിയ കോടതി, വരും തിങ്കളാഴ്ച നേരിട്ട് ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കി. പ്രതികൾക്കെതിരെയുള്ള പ്രോസിക്യൂഷൻ അനുമതി നൽകുന്ന കാര്യത്തിൽ ഇനി കൂടുതൽ സമയം അനുവദിക്കാനാവില്ലെന്നും, അനുമതി നൽകിയില്ലെങ്കിൽ കടുത്ത കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കേസിൽ പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജുവിനെ കൂടി കോടതി കക്ഷിചേർത്തിട്ടുണ്ട്.

കശുവണ്ടി വികസന കോർപ്പറേഷനിൽ (CDC) അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് 500 കോടി രൂപയുടെ വൻ അഴിമതി നടന്നതായാണ് സിബിഐ കണ്ടെത്തൽ. 10 വർഷത്തെ നീണ്ട അന്വേഷണത്തിനൊടുവിൽ 2020-ലാണ് സിബിഐ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കാഷ്യൂ ഡെവലപ്‌മെന്റ് കോർപറേഷൻ മുൻ എം.ഡി കെ.എ. രതീഷ് (IAS), മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന അധ്യക്ഷനുമായ ആർ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് സിബിഐ കുറ്റപത്രം നൽകിയിട്ടുള്ളത്. ഇവർക്കെതിരെ വിചാരണ നടത്താൻ അനുമതി നൽകണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് മുൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകുന്നത്.

Related Articles

Back to top button