ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും…പ്രാരംഭ ചെലവുകൾക്ക് ബജറ്റിൽ 10 കോടി….

തിരുവനന്തപുരം: ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. ആരംഭ ചെലവുകൾക്ക് 10 കോടി രൂപ വകയിരുത്തിയതായി ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയിച്ചു. വയോജന വകുപ്പിന്‍റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തിയതായും പ്രഖ്യാപനമുണ്ട്. പ്രിയദർശിനി പദ്ധതിക്കായി 600 കോടി, ആശ ഓണറേറിയം 78 കോടി എന്നിവയും ബജറ്റിൽ പ്രഖ്യാപിച്ചു. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി നടപ്പാക്കും. ക്ഷീര വികസനത്തിന് 102 കോടി വകയിരുത്തി. 3 വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തുമെന്നും പ്രഖ്യാപനമുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി 100 കോടി രൂപ വകയിരുത്തി. ഉന്നത പഠനത്തിനായി കേരളത്തിലെ കുട്ടികൾ വൻതോതിൽ വിദേശത്തേക്ക് ചേക്കേറുന്ന പ്രവണതയ്ക്ക് തടയിടാനും നാട്ടിൽ തന്നെ മികച്ച അന്താരാഷ്ട്ര പഠനസൗകര്യം ഉറപ്പാക്കാനുമായി ‘കേരള നോളജ് വാലി’ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. വിദേശ സർവ്വകലാശാലകളിലേക്ക് പോകാതെ തന്നെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം കേരളത്തിൽ ഉറപ്പാക്കാൻ നോളജ് വാലി പദ്ധതി സഹായിക്കും. ലോകത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സർവ്വകലാശാലകളുമായും സഹകരിച്ച് ഏറ്റവും മികച്ച അക്കാദമിക് പ്രോഗ്രാമുകൾ കേരളത്തിൽ കൊണ്ടുവരും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പ്രത്യേക മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിക്ഷേപങ്ങളും വികസനവും സാധ്യമാക്കുന്നതിനായി സ്വകാര്യ സർവ്വകലാശാല ബില്ലിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

Related Articles

Back to top button