കുതിച്ചുയർന്ന സ്വർണവില താഴേക്ക്… ഇന്നലെ 880 രൂപയുടെ കുതിപ്പ്… ഇന്ന്…

സംസ്ഥാനത്ത് സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം കുത്തനെ ഉയർന്ന സ്വർണവില ഇന്ന് രാവിലെ വീണ്ടും താഴ്ന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 480 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 60 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,09,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 13,710 രൂപ നൽകണം. ഇന്നലെ ഉച്ചയ്ക്ക് ശേഷം പവന് 880 രൂപയുടെ വർധനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്. ഇന്നലെ മാത്രം സംസ്ഥാനത്തെ സ്വർണവിലയിൽ രണ്ട് തവണ മാറ്റമുണ്ടായിരുന്നു. രാവിലെ കുറഞ്ഞ വിലയാണ് ഉച്ചയ്ക്ക് ശേഷം ഉയർന്നത്.
അതേസമയം സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപ എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ട്രോയ് ഔൺസിന് 4,310 ഡോളർ എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിലൊന്നാണ് ഇന്ത്യ. ഓരോ വർഷവും വലിയ അളവിൽ സ്വർണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. അതിനാൽ അന്താരാഷ്ട്ര വിപണിയിലെ വിലയിലെ മാറ്റങ്ങൾ കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കാറുണ്ട്. എന്നാൽ ആഗോള വിപണിയിൽ വില ഉയരുമ്പോഴെല്ലാം അതേ അനുപാതത്തിൽ കേരളത്തിലും വില ഉയരണമെന്നില്ല. രൂപയുടെ മൂല്യം, ഇറക്കുമതി ചെലവ്, പ്രാദേശിക വിപണിയിലെ ആവശ്യകത തുടങ്ങിയ വിവിധ ഘടകങ്ങളും ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കും.



