പി.എം ശ്രീ: സർക്കാർ നിലപാടിൽ വിവാദം; പ്രതികരണവുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ

പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ തുടരാൻ തീരുമാനിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ പ്രതികരണവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. പദ്ധതി റദ്ദാക്കുമെന്ന വാഗ്ദാനം നൽകിയിരുന്നെന്നും ആ വാ​ഗ്ദാനം നടപ്പാക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചരിത്രസത്യങ്ങൾക്കും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയങ്ങൾക്കും വിരുദ്ധമായ കാര്യങ്ങൾ പദ്ധതിയിലുണ്ടെങ്കിൽ അത് നടപ്പാക്കാൻ പാടില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. എന്നാൽ സർക്കാർ ഇതുവരെ പദ്ധതി തുടരുമെന്ന് അന്തിമമായി പ്രഖ്യാപിച്ചിട്ടില്ലെന്നും, വിഷയത്തിൽ പഠനത്തിനായി ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പി.എം ശ്രീ പദ്ധതിയിൽ തുടരാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ആശയപരവും ഭരണപരവുമായ വിഷയങ്ങൾ പരിശോധിക്കാൻ നിയോഗിച്ച നാലംഗ മന്ത്രിതല ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും അന്തിമ നിലപാട് സ്വീകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാരായ എൻ. ഷംസുദീൻ, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങൾ. പദ്ധതിയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. മുൻ സർക്കാർ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ മരവിപ്പിച്ച നടപടി നിയമപരമായി നിലനിൽക്കില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഉപേക്ഷിക്കുന്നതായി സംസ്ഥാന സർക്കാർ കേന്ദ്രത്തെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനം ഇതിനകം 92 കോടിയിലധികം രൂപ സ്വീകരിച്ചിട്ടുണ്ടെന്നും, കൂടാതെ 106 കോടി രൂപ കൂടി കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സാമ്പത്തിക സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് സർക്കാർ നിലവിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ നിർബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പദ്ധതിയുടെ നടപ്പാക്കലിൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായി കേന്ദ്രസർക്കാരിനോട് ആവശ്യമായ ഇളവുകൾ തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളെ സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സർക്കാരിന്റേതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എം ശ്രീ വിഷയത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും, പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാനത്തിന് പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ടായിരിക്കും നടപടികളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button