‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ… ഉദ്ഘാടന വണ്ടി ഓടിക്കാൻ ആദ്യ വനിതാ ഡ്രൈവർ ഷീലയെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയൊരുക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ ചരിത്രപരമായ ഉദ്ഘാടന യാത്രയ്ക്ക് പെരുമ്പാവൂർ ഡിപ്പോയിലെ ഡ്രൈവർ ഷീല സ്റ്റിയറിങ് തിരിക്കും. കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഡ്രൈവറായ ഷീലയ്ക്കൊപ്പം ഉദ്ഘാടന ബസിലെ കണ്ടക്ടറും ഒരു വനിതയായിരിക്കും. ജൂൺ 15 തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് തമ്പാനൂരിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. പദ്ധതിയുടെ ആദ്യയാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 ഓളം വി.വി.ഐ.പികൾ ബസ്സിൽ യാത്ര ചെയ്യും. തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെയാണ് ഇവർ ബസ്സിൽ സഞ്ചരിക്കുക. നിലവിൽ ഉദ്ഘാടന ബസിന്റെ മിനുക്കുപണികൾ അന്തിമഘട്ടത്തിലാണ്.

സംസ്ഥാനത്തെ 3,125 ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക. ഓർഡിനറി വിഭാഗത്തിലെ ഏഴ് സബ് ക്ലാസുകളിലാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് കാണിച്ച് ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് കെ.എസ്.ആർ.ടി.സി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സ്ത്രീകൾക്ക് നൽകുന്ന സൗജന്യ ടിക്കറ്റിൽ ‘പ്രിയദർശിനി’ എന്ന് രേഖപ്പെടുത്തും. ഇതിനായി കണ്ടക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകും. പദ്ധതിയുടെ ലോഗോ തയ്യാറാക്കൽ പുരോഗമിക്കുകയാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിഴൽചിത്രം ഉൾപ്പെടുന്ന ലോഗോയാണ് തയ്യാറാക്കുന്നത്. കെ.എസ്.ആർ.ടി.സി സോഷ്യൽ മീഡിയ വിഭാഗം നേരത്തെ തയ്യാറാക്കിയ ലോഗോ സർക്കാർ അംഗീകരിക്കാതിരുന്നതിനെ തുടർന്ന് പുതിയ ഡിസൈൻ തയ്യാറാക്കാൻ സി-ഡിറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ തയ്യാറാകുന്ന ലോഗോ തിങ്കളാഴ്ചയ്ക്ക് മുൻപ് ബസുകളിൽ പതിക്കും.

സൗജന്യ യാത്ര മൂലം കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ ബാങ്ക് മുഖേന പണം ലഭ്യമാക്കാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. സർക്കാർ ഗ്യാരന്റിയിൽ കെ.എസ്.ആർ.ടി.സിക്ക് ബാങ്ക് ഓവർഡ്രാഫ്റ്റ് അനുവദിക്കാനാണ് നീക്കം. മാസം ആദ്യം തന്നെ തുക കെ.എസ്.ആർ.ടി.സിക്ക് ലഭ്യമാക്കുകയും, മാസാവസാനത്തോടെ പലിശ ഉൾപ്പെടെയുള്ള തുക സർക്കാർ ബാങ്കിൽ അടയ്ക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ സ്ഥിരം സംവിധാനം ഒരുക്കുന്നത്. ഇത് സംബന്ധിച്ച് ബാങ്കുകളുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. മാസാവസാനം പണം നൽകാമെന്ന സർക്കാരിന്റെ മുൻ നിർദ്ദേശം കെ.എസ്.ആർ.ടി.സി തള്ളിയിരുന്നു.

എഴ് വിഭാ​ഗം ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

  • സാധാരണ ഓർഡിനറി സർവീസ്
  • ​സിറ്റി ഓർഡിനറി ബസ്
  • ​ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസ്
  • ​ടൗൺ ടു ടൗൺ ബസ്
  • ​ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി
  • ​പോയിന്റ്‌ ടു പോയിന്റ്‌ ഓർഡിനറി സർവീസ്
  • ​ഗ്രാമവണ്ടി സർവീസ്

പ്രിയദർശിനി’ പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി മെമ്മോറാണ്ടം പുറത്തിറക്കി. സൗജന്യ യാത്രയ്ക്ക് യാതൊരുവിധ ദൂരപരിധി ഉണ്ടായിരിക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ക്ലാസ് ബസ്സുകളിൽ സൗജന്യമില്ല. ഉത്സവകാല സ്പെഷ്യൽ, വീക്ക് എൻഡ് അഡീഷണൽ സർവീസുകളിൽ ആനുകൂല്യം ബാധകമല്ല. ബിറ്റിസി സർവീസുകൾ, ചാർട്ടേർഡ് ട്രിപ്പുകൾ എന്നിവയിലും സൗജന്യം ഉണ്ടാവില്ല.

ബസ് തിരിച്ചറിയലും ടിക്കറ്റ് വിതരണവും

  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ അറിഞ്ഞിരിക്കേണ്ടത്
  • സൗജന്യ ബസ്സുകളുടെ മുന്നിലും ഇരുവശത്തും ‘പ്രിയദർശിനി’ എന്ന് രേഖപ്പെടുത്തും
  • സ് ത്രീകൾക്ക് തുക ഈടാക്കാതെ നിർബന്ധമായും ‘സീറോ ടിക്കറ്റ്’ നൽകും
  • ടിക്കറ്റിൽ യാത്രക്കാർ കയറുന്നതും ഇറങ്ങുന്നതുമായ സ്ഥലം രേഖപ്പെടുത്തും
  • കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ സ് ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ടിക്കറ്റുകൾ നൽകും
  • കൂടുതൽ ലഗേജ് ഉണ്ടെങ്കിൽ ലഗേജ് ടിക്കറ്റ് എടുക്കണം

ജീവനക്കാർക്കുള്ള നിർദ്ദേശങ്ങളും കർശന നടപടിയും മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

  • സീറോ ടിക്കറ്റ് നൽകാതിരിക്കുന്നതും യാത്രക്കാരില്ലാതെ ടിക്കറ്റ് അടിക്കുന്നതും തെറ്റ്
  • സ്ത്രീകൾക്ക് ടിക്കറ്റ് നൽകാതിരിക്കുകയോ പണം ഈടാക്കുകയോ ചെയ്താൽ നടപടി
  • പുരുഷന്മാർക്ക് വനിതകളുടെ സൗജന്യ ടിക്കറ്റ് നൽകിയാൽ കർശന നിയമനടപടി
  • വനിതാ യാത്രക്കാരോട് സൗഹാർദ്ദപരമായും മാന്യമായും പെരുമാറണം
  • സ്ത്രീകൾക്ക് സുരക്ഷിതമായി കയറാനും ഇറങ്ങാനും അവസരമൊരുക്കണം
  • സൗജന്യമില്ലാത്ത ബസ്സുകളിൽ കയറും മുൻപ് കണ്ടക്ടർമാർ വിവരം സ്ത്രീകളെ അറിയിക്കണം
  • രാത്രിയിൽ ബസ് നിർത്തുന്നതിനുള്ള നിലവിലെ നിർദ്ദേശം പാലിക്കണം

പ്രിയദർശനി പദ്ധതിയുടെ ഭാ​ഗമായി ഓടുന്ന കെഎസ്ആർടിസി ബസുകളിലെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിശീലനം നൽകും. ഇറ്റിഎം മെഷീനുകളിൽ ‘സീറോ ഫെയർ’ ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. എല്ലാ മാസവും വരുമാന വിവര റിപ്പോർട്ട് സർക്കാരിലേക്ക് കൈമാറും.തിരക്കേറിയ റൂട്ടുകളിൽ അധിക സർവീസുകൾ ക്രമീകരിക്കും. ആവശ്യമായ ജീവനക്കാരെയും ബസ്സുകളെയും സെക്ഷൻ മേധാവികൾ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

Related Articles

Back to top button