പിലാത്തറ സ്വർണം പൊട്ടിക്കൽ കേസ്: പിടിയിലായ പ്രതി ബിജെപി പ്രവർത്തകനല്ലെന്ന് …. പാർട്ടി നേതൃത്വം പ്രചാരണം അടിസ്ഥാനരഹിതം

പയ്യന്നൂർ: പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണവ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് സ്വർണ്ണവും പണവും കവർന്ന കേസിൽ അറസ്റ്റിലായ പ്രതിക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി നേതൃത്വം. അറസ്റ്റിലായ അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് ബിജെപി പ്രാദേശിക നേതാവാണെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ വിനോദ് കുമാർ വ്യക്തമാക്കി. മറ്റു രാഷ്ട്രീയ പാർട്ടികളോട് വിധേയത്വമുള്ള ചില പൊലീസുകാരാണ് ബിജെപിയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഇത്തരം വ്യാജപ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പയ്യന്നൂർ എടാട്ട് വെച്ച് ഇന്നോവ കാറിലെത്തിയ സ്വർണ്ണം പൊട്ടിക്കൽ സംഘം മഹാരാഷ്ട്ര സ്വദേശിയുടെ കാർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന വ്യാപാരിയെയും കുടുംബത്തെയും അക്രമികൾ ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഇറക്കിവിട്ടു. തുടർന്ന്, വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 55 ലക്ഷം രൂപയും സ്വർണ്ണവും സംഘം കവരുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം പ്രതികൾ വ്യാപാരിയുടെ കാർ കുത്തിക്കീറി നശിപ്പിച്ച നിലയിൽ പിലാത്തറയ്ക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്തു.
പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രതിയായ സനു സന്തോഷിനെ കാസർകോട് ഉപ്പളയിൽ വെച്ച് പോലീസ് പിടികൂടുന്നത്. കവർച്ചാ സംഘം ആക്രമണത്തിനായി ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതുകൂടാതെ, കവർച്ചാ സംഘം വാടകയ്‌ക്കെടുത്ത മറ്റൊരു കാർ കൂടി ചൊക്ലി ഭാഗത്തുനിന്ന് പോലീസ് കണ്ടെടുത്തു. കേസിലെ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വൻകിട സ്വർണ്ണം പൊട്ടിക്കൽ ക്വട്ടേഷൻ സംഘങ്ങളാണ് ഈ കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.



