നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച… 13 പ്രതികൾ, സിബിഐ കുറ്റപത്രം സമർപ്പിച്ചു….

നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. സിബിഐ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ദില്ലി റൗസ് അവന്യൂ കോടതിയിലാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്. പരീക്ഷയ്ക്ക് മുൻപ് പ്രതികൾ ചോർത്തിയ 42 ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷാ പേപ്പറുമായി പൂർണ്ണമായും ഒത്തുപോകുന്നതാണെന്നും ചോദ്യപ്പേപ്പർ ലക്ഷങ്ങൾക്ക് മറിച്ചുവിറ്റതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവ പ്രകാരം രജിസ്റ്റർ ചെയ്ത കേസ് നാളെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും. ഡോ. മനോജ് ശിരൂർ, മംഗിലാൽ ബിവാൾ, മനീഷ ഹവിൽദാർ ഉൾപ്പെടെ കേസിൽ അറസ്റ്റിലായ 13 പ്രതികളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.



