ഖാദർ കമ്മിറ്റി റിപ്പോർട്ട്: അധ്യാപക യോഗ്യതയിൽ സമഗ്ര പരിഷ്കാരം.. 2030 മുതൽ…

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ അധ്യാപകരുടെ യോഗ്യത ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര പരിഷ്കാരത്തിന് സർക്കാർ. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ കരട് റിപ്പോർട്ടിൽ അധ്യാപക-അനധ്യാപക സംഘടനകളുടെ അഭിപ്രായം തേടി. ഈ മാസം 22നകം ഇ-മെയിൽ മുഖേന അഭിപ്രായം അറിയിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള കുറഞ്ഞ യോഗ്യത ഉയർത്തുന്നതുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നേരത്തെ തന്നെ ചർച്ചയിലുണ്ടായിരുന്നു.
ദീർഘകാലമായി ഉയരുന്ന ആവശ്യങ്ങൾക്ക് പരിഹാരമായി സെക്കൻഡറി സ്‌കൂളുകളിൽ ലൈബ്രേറിയനെ നിയമിക്കാനും എല്ലാ സ്‌കൂളുകളിലും കുറഞ്ഞത് ഒരു സ്പെഷ്യലിസ്റ്റ് അധ്യാപകനെ പുതുതായി നിയമിക്കാനും നിർദേശമുണ്ട്. നിലവിലുള്ള എജുക്കേഷൻ ഇൻസ്ട്രക്ടർമാരെ നൈപുണികേന്ദ്രങ്ങളിലേക്ക് മാറ്റാനും നിർദേശിക്കുന്നു. എല്ലാ സ്‌കൂളുകളുടെയും മേധാവി പ്രിൻസിപ്പൽ ആയിരിക്കണമെന്നാണ് ഖാദർ കമ്മിറ്റി ശുപാർശ. എന്നാൽ പ്രൈമറി, ലോവർ പ്രൈമറി സ്‌കൂളുകളിലെ പ്രഥമാധ്യാപക തസ്തികയ്ക്ക് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ ‘ഹെഡ് ടീച്ചർ’ എന്ന പേര് നൽകണമെന്നാണ് സർക്കാർ നിർദേശം. 2030 മുതൽ അധ്യാപകരുടെ തസ്തികകളും ക്ലാസ് ചുമതലകളും പുനഃക്രമീകരിക്കാനാണ് നിർദേശം. സെക്കൻഡറി സ്‌കൂൾ ടീച്ചർ ഗ്രേഡ് ഒന്ന്, സെക്കൻഡറി സ്‌കൂൾ ടീച്ചർ, പ്രൈമറി സ്‌കൂൾ അധ്യാപകർ, ലോവർ പ്രൈമറി അധ്യാപകർ, പ്രീപ്രൈമറി അധ്യാപകർ തുടങ്ങിയ വിഭാഗങ്ങളായിരിക്കും പ്രധാനമായും പരിഗണിക്കുക. എട്ടു മുതൽ 12 വരെ ക്ലാസുകളിലേക്കുള്ള അധ്യാപകർക്ക് ഉയർന്ന അക്കാദമിക് യോഗ്യത ഉറപ്പാക്കുന്നതാണ് പരിഷ്കാരത്തിന്റെ പ്രധാന ലക്ഷ്യം.
നിലവിലുള്ള അധ്യാപകരെ സംരക്ഷിച്ചുകൊണ്ടായിരിക്കും പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ നടപ്പാക്കുക. ലോവർ പ്രൈമറി അധ്യാപകർക്ക് ബിരുദവും ബി.എഡും യോഗ്യതയായി നിശ്ചയിക്കാനാണ് നിർദേശം. പ്രൈമറി അധ്യാപക തസ്തിക വിഷയാധിഷ്ഠിതമാക്കുകയും ഇവർക്കും ബിരുദം നിർബന്ധമാക്കുകയും ചെയ്യും. എട്ടാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ പഠിപ്പിക്കുന്ന സെക്കൻഡറി അധ്യാപകർക്ക് ബിരുദാനന്തര ബിരുദം നിർബന്ധമാക്കും. ഭാഷാധ്യാപകർക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമോ പി.ജിയോ കൂടാതെ ഡി.എൽ.എഡ് അല്ലെങ്കിൽ ബി.എഡ് യോഗ്യതയും ആവശ്യമായി വരും. വർക്ക് എജുക്കേഷൻ അധ്യാപകർ അതത് തൊഴിൽമേഖലയിൽ പി.ജി നേടിയവരായിരിക്കണമെന്നും നിർദേശമുണ്ട്. അധ്യാപകരുടെ അക്കാദമിക് യോഗ്യത ഉയർത്തുന്നതിനൊപ്പം സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഘടനയിലും തസ്തികകളിലും മാറ്റം കൊണ്ടുവരുന്നതാണ് ഖാദർ കമ്മിറ്റി ശുപാർശകളുടെ പ്രധാന ലക്ഷ്യം. റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട അധ്യാപക-അനധ്യാപക സംഘടനകളിൽനിന്നുള്ള അഭിപ്രായങ്ങൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.



