ചികിത്സാ പിഴവിൽ കൈ നഷ്ടപ്പെട്ട വിനോദിനിയുടെ ധനസഹായം മുടങ്ങി…. വാർത്തയ്ക്ക് പിന്നാലെ അടിയന്തര ഇടപെടലുമായി മന്ത്രി ബിന്ദു കൃഷ്ണ

പാലക്കാട്: പാലക്കാട് ഒലിവുപാറ സ്കൂളിലെ വിദ്യാർത്ഥിനി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായം മുടങ്ങിയതായി പരാതി. മാസങ്ങളായി പഠനച്ചെലവുകൾക്കുള്ള തുക മുടങ്ങിയ സംഭവം വാർത്തയായതോടെ, അടിയന്തര ഇടപെടലുമായി വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ രംഗത്തെത്തി. വിനോദിനിക്ക് ലഭിക്കാനുള്ള കുടിശിക തുക വരും തിങ്കളാഴ്ച തന്നെ ലഭ്യമാക്കാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി കർശന നിർദ്ദേശം നൽകി.
വിനോദിനിയുടെ തുടർപഠന ചെലവുകൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന പ്രതിമാസ ധനസഹായമാണ് മാസങ്ങളായി മുടങ്ങിയത്. പ്രതിമാസം ലഭിക്കേണ്ട 4000 രൂപ കഴിഞ്ഞ നാല് മാസമായി കുട്ടിയുടെ കുടുംബത്തിന് ലഭിക്കുന്നില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രമാണ് തുക ലഭിച്ചതെന്നും ആകെ രണ്ടുതവണ മാത്രമാണ് പണം കൈപ്പറ്റിയതെന്നും വിനോദിനിയുടെ അമ്മ പ്രസീത പറഞ്ഞു. വിനോദിനിയുടെ കൈ നഷ്ടപ്പെടാൻ ഇടയാക്കിയ ചികിത്സാ പിഴവ് വരുത്തിയ ഡോക്ടർമാർക്കെതിരെ പോലീസ് നിസ്സാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും അമ്മ കുറ്റപ്പെടുത്തി. വനിതാ ശിശുക്ഷേമ വകുപ്പിന്റെ സ്പോൺസർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിനോദിനിക്ക് സർക്കാർ സഹായം നൽകിവന്നിരുന്നത്.
കേന്ദ്ര സർക്കാർ നൽകുന്ന വിഹിതം ഉൾപ്പെടെയുള്ള ഫണ്ടാണ് ഈ പദ്ധതിക്കായി വിനിയോഗിക്കുന്നത്. പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് ലഭ്യമാകുന്നതിൽ താമസം നേരിട്ടതാണ് തുക മുടങ്ങാൻ കാരണമെന്ന് വകുപ്പ് ഡയറക്ടർ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വകുപ്പിന്റെ ലഭ്യമായ മറ്റ് ഫണ്ടുകൾ വിനിയോഗിച്ച് വിനോദിനിയുടെ കുടിശിക തുക അടിയന്തരമായി തീർക്കുമെന്നും ഡയറക്ടർ മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി. മന്ത്രിയുടെ കർശന ഇടപെടലോടെ തിങ്കളാഴ്ചയോടെ തന്നെ വിനോദിനിയുടെ കുടുംബത്തിന് തുക കൈമാറാനുള്ള നടപടികൾ ഉദ്യോഗസ്ഥർ വേഗത്തിലാക്കിയിട്ടുണ്ട്.



