കാസർകോട് 16കാരി പീഡനത്തിനിരയായ കേസ്: കുട്ടിയെ പിതാവും പീഡിപ്പിച്ചു… അമ്മയുടെ സുഹൃത്ത് സ്നേഹ മെർലിനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

കാസർകോട്: മേൽപ്പറമ്പിൽ പതിനാറുകാരി പീഡനത്തിനിരയായ കേസിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ പ്രതിയായ 25-കാരി സ്നേഹ മെർലിൻ പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വർഷത്തോളം ഇവരുടെ വീട്ടിൽ താമസിച്ചിരുന്നു. ഈ കാലയളവിലാണ് പെൺകുട്ടിയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് വ്യക്തമാക്കുന്നു.
അമ്മ വീട്ടിലുള്ള സമയങ്ങളിൽ പോലും സ്നേഹ തനിക്കെതിരെ പീഡനം നടത്തിയിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴി. കണ്ണൂരിലെ ജയിലിൽ വെച്ചാണ് സ്നേഹയും പെൺകുട്ടിയുടെ അമ്മയും തമ്മിൽ പരിചയപ്പെടുന്നത്. ലഹരി വിൽപ്പനക്കേസിലെ പ്രതിയായിരുന്നു പെൺകുട്ടിയുടെ അമ്മ. ഇതേ സമയത്ത് മറ്റൊരു പോക്സോ കേസിൽ പ്രതിയായി സ്നേഹയും ഇതേ ജയിലിൽ കഴിഞ്ഞിരുന്നു. ജയിൽ മോചിതരായ ശേഷമാണ് ഇവർ സൗഹൃദം തുടർന്നതും സ്നേഹ പെൺകുട്ടിയുടെ വീട്ടിൽ താമസമാക്കിയതും. ഇതേ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ നിലവിൽ പോക്സോ കേസിൽ ജയിലിലാണ്. പീഡനവിവരം അറിഞ്ഞിട്ടും പുറത്തുപറയാതിരുന്നതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മയെയും ഈ കേസിൽ പോലീസ് പ്രതി ചേർത്തിട്ടുണ്ട്. അച്ഛൻ ജയിലിലായതിനെ തുടർന്ന് പെൺകുട്ടിയെ നീലേശ്വരത്തെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ച് നടത്തിയ വിശദമായ കൗൺസിലിങ്ങിലാണ്, അച്ഛന് പുറമെ സ്നേഹ മെർലിനും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പെൺകുട്ടി വെളിപ്പെടുത്തുന്നത്.
നിലവിൽ ഒളിവിലുള്ള പ്രതി സ്നേഹ മെർലിനായി മേൽപ്പറമ്പ് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർ മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായാണ് പോലീസ് വ്യക്തമാക്കുന്നത്. കണ്ണൂരിൽ ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ച പോക്സോ കേസിൽ സ്നേഹ നേരത്തെ പ്രതിയായിരുന്നു. ഈ കേസിൽ ജയിലിൽ കഴിയുന്നതിനിടയിലാണ് പെൺകുട്ടിയുടെ അമ്മയുമായി ഇവർ സൗഹൃദത്തിലാകുന്നത്. പ്രതിയെ ഉടൻ തന്നെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.




