ലോകകപ്പ് ഹീറോ ബ്രിട്ടോ അന്തരിച്ചു; വിടപറഞ്ഞത് ബ്രസീൽ ഫുട്ബോളിന്റെ എക്കാലത്തെയും മികച്ച സെന്റർ ബാക്കുമാരിൽ ഒരാൾ

ബ്രസീലിന്റെ 1970 ലോകകപ്പ് വിജയത്തിന്റെ കരുത്തുറ്റ പ്രതിരോധ മതിലായിരുന്ന മുൻ ഫുട്‌ബോൾ താരം ബ്രിട്ടോ (86) അന്തരിച്ചു. രാജ്യത്തിന്റെ എക്കാലത്തെയും മികച്ച സെന്റർ ബാക്കുമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന ബ്രിട്ടോയുടെ വിയോഗം ഫുട്‌ബോൾ ലോകത്തെ ദുഃഖത്തിലാഴ്ത്തി.
മെക്‌സിക്കോയിൽ നടന്ന 1970 ലോകകപ്പിൽ കിരീടം നേടിയ ബ്രസീൽ ടീമിന്റെ പ്രതിരോധ നിരയിൽ നിർണായക സാന്നിധ്യമായിരുന്നു ബ്രിട്ടോ. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും മുഴുവൻ സമയവും കളിച്ച അദ്ദേഹം, വിൽസൺ പിയാസയുമായി ചേർന്ന് തീർത്ത ഉറച്ച പ്രതിരോധമാണ് പെലെ, ജെർസിഞ്ഞോ, റിവെലിനോ എന്നിവരടങ്ങിയ മുന്നേറ്റ നിരയ്ക്ക് കൂടുതൽ സ്വാതന്ത്ര്യവും ആത്മവിശ്വാസവും സമ്മാനിച്ചത്.
1964 മുതൽ 1972 വരെ ബ്രസീൽ ദേശീയ ടീമിനായി 61 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ബ്രിട്ടോ, 1966-ലെയും 1970-ലെയും ലോകകപ്പുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. 1971-ലെ കോപ്പ റോക്കയും 1972-ലെ ടാക്ക ഇൻഡിപെൻഡൻസിയയും ഉൾപ്പെടെയുള്ള കിരീട നേട്ടങ്ങളിലും അദ്ദേഹം പങ്കാളിയായി.
വാസ്‌കോ ഡ ഗാമയിലൂടെ പ്രൊഫഷണൽ ഫുട്‌ബോൾ ജീവിതം ആരംഭിച്ച ബ്രിട്ടോ പിന്നീട് ഫ്‌ളമെംഗോ, ക്രൂസീറോ, ഇന്റർനാസ്യോണൽ, കൊറിന്ത്യൻസ്, ബോട്ടഫോഗോ തുടങ്ങിയ പ്രമുഖ ബ്രസീലിയൻ ക്ലബുകൾക്കായും കളിച്ചു.
ബ്രസീൽ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായിരുന്നു ബ്രിട്ടോയെന്ന് ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് സമീർ ഷൗദ് അനുസ്മരിച്ചു. 1970 ലോകകപ്പ് വിജയത്തിലേക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ ഫുട്‌ബോൾ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.




