ശബരിമല സ്വർണപ്പാളി കൈമാറ്റ കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് എസ്ഐടിയുടെ നോട്ടീസ്

ശബരിമല സ്വർണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനും ദേവസ്വം ബോർഡംഗവും സിപിഎം നേതാവുമായ അജികുമാറിനും നോട്ടീസ്. പ്രത്യേക അന്വേഷണ സംഘമാണ് ഇരുവർക്കും നോട്ടീസ് അയച്ചത്. അടുത്ത ആഴ്ച എസ്ഐടിയ്ക്ക് മുന്നിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്.അതേസമയം, ഹൈക്കോടതി നിർദേശപ്രകാരം പ്രഭാമണ്ഡലത്തിൽ നിന്നും പുതിയ സാമ്പിളുകൾ ശേഖരിക്കാനായി പ്രത്യേക അന്വേഷണ സംഘം നാളെ ശബരിമലയിൽ എത്തിയേക്കും.

2025ൽ സ്വർണപ്പാളികൾ ഹൈക്കോടതി അനുമതി കൂടാതെ ശബരിമലയിൽ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുപോയതിലാണ് അന്വേഷണം നടക്കുന്നത്. 2019ൽ ദ്വാരപാലക പാളിയും കട്ടിളപ്പാളിയും കൊണ്ടുപോയതിന്റെ ആവർത്തനമാണ് 2025ൽ ഉണ്ടായത് എന്ന് ആണ് എസ്ഐടിയുടെ കണ്ടെത്തൽ. നിറം മങ്ങിയപ്പോഴാണ് 2019ൽ സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കുന്നത്. അതേ രീതിയിലാണ് 2025ലും കൊണ്ടുപോയത്. എന്നാൽ ഈ പാളികളിൽ നിന്ന് സ്വർണം പൂർണമായും നഷ്ടപ്പെട്ടിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനാ ഫലത്തിലുണ്ട്.

അതായത് പ്രശാന്തിന്റെ കാലത്ത് സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ എല്ലാ പാളികളിൽ നിന്നും സാമ്പിളെടുത്ത് പരിശോധിച്ചാലേ ഇത് ഉറപ്പിക്കാനാകൂ. മിഥുനമാസ പൂജയ്ക്ക് നട തുറക്കമ്പോൾ സാമ്പിൾ ശേഖരിക്കും. ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിലാണ് ശാസ്ത്രീയ പരിശോധന നടത്തുക.

2019ലാണ് പാളികളിലെ സ്വർണം വേർതിരിച്ചത്. ദ്വാരപാലക പാളികളിലെയും കട്ടിളപ്പാളിയിലെയും സ്വർണം മാറ്റി. കുറഞ്ഞ അളവിൽ സ്വർണം പൂശി തിരികെ വെക്കുകയായിരുന്നു. അയഡൈഡ് പ്രക്രിയ വഴിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടരും സ്വർണം വേർതിരിച്ചത്. 2025ൽ എല്ലാ പാളികളിൽ നിന്നും സ്വർണം മാറ്റിയിട്ടിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നു. പിന്നാലെയാണ്, 2025 ൽ പൂശിയ സ്വർണ്ണത്തിന്റെ അളവ് പരിശോധിക്കാൻ എസ്‌ഐടി ഒരുങ്ങുന്നത്. സ്വർണ സാമ്പിളുകളിൽ അത്യാധുനിക രീതിയിലുള്ള ശാസ്ത്രീയ പരിശോധന വേണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു, പിന്നാലെയാണ് എസ്ഐടി സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. കൂടുതൽ സാമ്പിൾ ശബരിമലയിൽ നിന്നും ശേഖരിക്കേണ്ടിവരും. ഇതിനായി എസ്ഐടി ഹൈക്കോടതിയോട് അനുമതി തേടും.

Related Articles

Back to top button