ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ മുഖത്തടിച്ച് യാത്രക്കാരൻ

കെ.എസ്.ആർ.ടി.സി. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ മുഖത്തടിച്ച യാത്രക്കാരനെതിരേ പോലീസ് കേസെടുത്തു. കോഴിക്കോട്-അടൂർ സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവറായ കൊല്ലം കുന്നത്തൂർ സ്വദേശി സതീഷിനാണ് (46) മർദനമേറ്റത്. വെള്ളിയാഴ്ച പുലർച്ചെ 5.30-ഓടെ മൂവാറ്റുപുഴയ്ക്ക് സമീപം പേഴയ്ക്കാപ്പിള്ളിയിലായിരുന്നു സംഭവം. അപ്രതീക്ഷിതമായി മുഖത്തടിയേറ്റിട്ടും സതീഷ് കാട്ടിയ മനഃസാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ് വലിയൊരു റോഡപകടം ഒഴിവായത്.

കോട്ടയ്ക്കലിൽനിന്ന് ബസിൽ കയറിയ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശിയായ എ.ആർ. ക്യാമ്പിലെ പോലീസുകാരനാണ് മർദിച്ചതെന്നാണ് ഡ്രൈവറും കണ്ടക്ടർ മഹേഷും മൊഴി നൽകിയിട്ടുള്ളത്. എന്നാൽ കണ്ടാലറിയുന്ന ആൾ എന്നാണ് പോലീസ് എഫ്.ഐ.ആറിലുള്ളത്.

പേഴയ്ക്കാപ്പിള്ളിയിൽ ബസ് നിർത്തി യാത്രക്കാർ ഇറങ്ങുമ്പോൾ സ്ഥലം വാഴപ്പിള്ളി ആയോ എന്ന് യാത്രക്കാരൻ ചോദിച്ചു. ഇനിയും പോകാനുണ്ടെന്നറിയിച്ച് ബസ് മുന്നോട്ടെടുത്ത് കുറച്ചുദൂരം പോയപ്പോഴേക്കും ഇറങ്ങണം എന്നുപറഞ്ഞ് ഇയാൾ ബെല്ലടിച്ചു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ പോലീസും സ്ഥലത്തെത്തി.

മർദിച്ചയാൾ ബസ് ഡ്രൈവർ തന്നെ മർദിച്ചുവെന്നാണ് പോലീസുകാരോട് പറഞ്ഞത്. ഇതോടെ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഇയാൾക്കെതിരേ തിരിഞ്ഞു. ഡ്രൈവറെ ആക്രമിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞതോടെ പോലീസ് പ്രതിസന്ധിയിലായി. ചിലർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. ഇതോടെ സ്റ്റാൻഡിലേക്ക് ബസ് എത്തിക്കാൻ പോലീസ് നിർദേശിച്ചു. ബസ് മൂവാറ്റുപുഴ സ്റ്റാൻഡിലെത്തിച്ചശേഷം ഡ്രൈവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. യാത്രക്കാരെ വേറെ ബസിൽ അയച്ചു.

ഡ്രൈവറെ ആക്രമിച്ച കാര്യം രാവിലെതന്നെ കെ.എസ്.ആർ.ടി.സി. എം.ഡി.യുടെയും മന്ത്രിയുടെയും ഔദ്യോഗിക ഗ്രൂപ്പിൽ അറിയിച്ചു. അടൂർ ഡിപ്പോയിലെ ഡ്രൈവറായ സതീഷ് കൊല്ലം കുന്നത്തൂർ സ്വദേശിയാണ്. ഇതിനിടെ ബസിൽ പ്രശ്നമുണ്ടാക്കിയ ആളും ആശുപത്രിയിൽ ചികിത്സതേടി. പ്രശ്നം പറഞ്ഞുതീർക്കാൻ പോലീസിന്റെ ഭാഗത്തുനിന്നും സമ്മർദവുമുണ്ടായതായി സൂചനയുണ്ട്. എന്നാൽ ഒത്തുതീർപ്പിന് കെ.എസ്.ആർ.ടി.സി. അധികാരികൾ തയ്യാറായിട്ടില്ല.

Related Articles

Back to top button