മലപ്പുറത്ത് സഹോദരങ്ങളായ കുട്ടികൾ കുളത്തിൽ മരിച്ച നിലയിൽ

വൈകീട്ട് കളിക്കാനിറങ്ങിയ സഹോദരങ്ങളെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗൂഡല്ലൂർ സ്വദേശിയായ ബാവയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർഥി അഫിയ, മൂന്നാം ക്ലാസ് വിദ്യാർഥി അഫ്നാൻ എന്നിവരാണ് മരിച്ചത്. കാവനൂർ ഇരിവേറ്റി ചാത്തൻപാറയിൽ വ്യാഴാഴ്ചയാണ് ഹൃദയഭേദകമായ സംഭവം നടന്നത്. വ്യാഴാഴ്ച സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം പുറത്തേക്ക് പോയ കുട്ടികൾ വൈകീട്ട് ആറുമണിയായിട്ടും തിരിച്ചെത്തിയിരുന്നില്ല. ഇതോടെ ബന്ധുക്കളും നാട്ടുകാരും ആശങ്കയിലായി. തുടർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനിടെയാണ് ഇരിവേറ്റി വാട്ടർ അതോറിറ്റി ഓഫീസിന് സമീപത്തെ റോഡരികിലുള്ള ഉപയോഗശൂന്യമായ കുളത്തിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിലേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.



