ശബരിമല സ്വർണ്ണക്കൊള്ള കേസ്… തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കില്ല. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചില്ല. എന്നാൽ, താഴെ കോടതിയുടെ വിധിയിലുണ്ടായിരുന്ന ‘തന്ത്രിക്കെതിരെ നിലവിൽ തെളിവില്ല’ എന്ന പരാമർശം ഹൈക്കോടതി നീക്കം ചെയ്തിട്ടുണ്ട്.

ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി 41 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 18-നാണ് കൊല്ലം വിജിലൻസ് കോടതി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ചത്. പ്രഥമദൃഷ്ട്യാ ക്രിമിനൽ ഗൂഢാലോചനയോ നേരിട്ടുള്ള പങ്കോ തെളിയിക്കാൻ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് ജാമ്യം ലഭിച്ചത്. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് അദ്ദേഹത്തിന് അനുകൂലമായ വിധി വന്നത്. അതേസമയം, സ്വർണ്ണക്കൊള്ള കേസിൽ തന്റെ അറസ്റ്റിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് കണ്ഠരര് രാജീവര് ആരോപിക്കുന്നത്.

ശബരിമലയിലെ യുവതീ പ്രവേശനത്തെ ശക്തമായി എതിർത്തതാണ് തനിക്കെതിരെയുള്ള പ്രതികാര നടപടികൾക്ക് കാരണമെന്നാണ് തന്ത്രിയുടെ വാദം. താൻ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ കർശനമായി പാലിക്കുന്നയാളാണെന്നും അതുകൊണ്ടാണ് യുവതീ പ്രവേശനത്തെയും, എല്ലാ ദിവസവും ക്ഷേത്രം തുറക്കണമെന്ന നിർദ്ദേശത്തെയും താൻ എതിർത്തതെന്നും, ഇതാണ് തന്നെ കള്ളക്കേസിൽ കുടുക്കാൻ കാരണമായതെന്നും അദ്ദേഹം കോടതിയിൽ വാദിച്ചിരുന്നു. കേരളത്തിന് പുറത്തുപോകരുത്, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, മാധ്യമങ്ങളോട് കേസിനെക്കുറിച്ച് സംസാരിക്കരുത്, പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണം, ആഴ്ചയിൽ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം തുടങ്ങിയ കർശനമായ ഉപാധികളോടെയാണ് കോടതി തന്ത്രിക്ക് നിലവിൽ ജാമ്യം അനുവദിച്ചിട്ടുള്ളത്. ജാമ്യം റദ്ദാക്കില്ലെന്ന ഹൈക്കോടതിയുടെ പുതിയ ഉത്തരവ് തന്ത്രിക്ക് താൽക്കാലികമായി വലിയ ആശ്വാസമാണ് നൽകുന്നത്.

Related Articles

Back to top button