നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മദ്യലഹരിയിൽ യുവാക്കളുടെ അതിക്രമം….

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മദ്യലഹരിയിൽ യുവാക്കൾ പരാക്രമം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കേസെടുക്കാൻ എസ്.പി നെടുമ്പാശ്ശേരി പൊലീസിന് നിർദേശം നൽകി. മദ്യലഹരിയിൽ വിമാനക്കമ്പനി ജീവനക്കാരിയോട് മോശമായി പെരുമാറിയ മൂന്ന് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ജീവനക്കാരിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. യുവതി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.
പ്രതികൾ പ്രബലരാണെന്ന് പൊലീസ് അറിയിച്ചെന്നും കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നുവെന്നുമാണ് ആരോപണം. സംഭവത്തിൽ വിമാനത്താവള അധികൃതരും നേരത്തെ നടപടി സ്വീകരിച്ചിരുന്നില്ല. കേസെടുക്കാതെ വിട്ടയച്ച മൂന്ന് പേരും പിന്നീട് തൊട്ടടുത്ത വിമാനത്തിൽ ഡൽഹിയിലേക്ക് യാത്ര തിരിച്ചതായും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ഇരുമ്പുദണ്ഡുമായി മദ്യലഹരിയിലായ യുവാക്കൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഡൽഹിയിലെ സിജെപി പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്ക് പോകുന്ന കേരളാ പൊലീസുകാരാണെന്ന് അവകാശപ്പെട്ടാണ് ഇവർ വിമാനത്താവളത്തിൽ പരാക്രമം നടത്തിയതെന്നാണ് വിവരം. സ്‌പൈസ് ജെറ്റ് ജീവനക്കാരികളോട് അസഭ്യം പറയുകയും, സിഐഎസ്എഫ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്ന് ഇരുമ്പുദണ്ഡ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.



