ആലുവയിൽ പോക്സോ കേസ് ഇരയെ കാണാതായി…

ആലുവ: ആലുവ എടത്തലയിൽ പോക്സോ കേസ് ഇരയായ 16കാരിയെ കാണാതായതായി പരാതി. വനിതകൾ മാത്രം പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന വിവരം സ്ഥാപന അധികൃതരാണ് എടത്തല പൊലീസിനെ അറിയിച്ചത്. തുടർന്ന് കുടുംബവും പരാതിയുമായി പൊലീസിനെ സമീപിച്ചു. ശനിയാഴ്ച വൈകുന്നേരം ആറുമണിമുതലാണ് പെൺകുട്ടിയെ കാണാതായത്.

കരുനാഗപ്പള്ളിയിൽ നിന്ന് ആലുവയിലേക്ക് താമസം മാറിയ കുടുംബത്തിലെ അംഗമാണ് കുട്ടി. പോക്സോ കേസിനെ തുടർന്നാണ് മൂന്ന് മാസം മുമ്പ് കുടുംബം ആലുവയിലേക്ക് താമസം മാറ്റിയത്. തുടർന്ന് പെൺകുട്ടി ആലുവയിലെ സ്ഥാപനത്തിൽ പഠിച്ചുവരികയായിരുന്നു. അന്വേഷണത്തിൽ കുട്ടി എടത്തലയിലെ ഓട്ടോ സ്റ്റാൻഡിൽ എത്തിയതായി പൊലീസ് കണ്ടെത്തി. അവിടെ നിന്ന് ഓട്ടോയിൽ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയതായും, സ്റ്റേഷനിൽ ഇറക്കിവിട്ടതായി ഓട്ടോ ഡ്രൈവർ സ്ഥിരീകരിച്ചതായും പൊലീസ് അറിയിച്ചു.

റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം പെൺകുട്ടി തന്റെ ഫോൺ തിരികെ വാങ്ങി ഒരാളെ വിളിച്ചതായും ഓട്ടോ ഡ്രൈവർ പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി വിളിച്ചത് 19 വയസ്സുള്ള പോക്സോ കേസിലെ പ്രതിയെയാണെന്ന് പൊലീസ് കണ്ടെത്തിയത്. ഇതോടെയാണ് പെൺകുട്ടി പോയത് പോക്സോ കേസിലെ പ്രതിക്കൊപ്പമാണെന്ന് പൊലീസ് സംശയിക്കുന്നത്. പ്രതി കായംകുളം സ്വദേശിയാണെന്നും ഇരുവരെയും കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button