ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്…. പ്രതികളായ സിപിഐഎം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ സിപിഐഎം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ ആറ് മുതൽ 10 വരെയുള്ള പ്രതികളെയാണ് കോടതി പൊലീസ് കസ്റ്റഡിയിൽ അയച്ചത്. നാളെ വൈകിട്ട് 5 മണി വരെയാണ് പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികളെ നേരത്തെ തന്നെ കോടതി കസ്റ്റഡിയിൽ വിട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ മെയ് 27-ന് ഇഡി എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയിരുന്നു. മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ റെയ്ഡ്. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വീടിന് പുറത്ത് തടിച്ചുകൂടിയ സിപിഐഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ വളയുകയും കാറുകൾക്ക് നേരെ അക്രമം അഴിച്ചുവിടുകയുമായിരുന്നു. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തതിനാണ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത്. നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളെ അക്രമം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാനാണ് പൊലീസിന്റെ തീരുമാനം.



